അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ ഓൺലൈനായി നടത്തും: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

രാജ്യത്തുടനീളം മെഡിക്കൽ പ്രവേശനത്തിനായി നടത്തുന്ന നീറ്റ് യുജി പരീക്ഷാ സമ്പ്രദായത്തിൽ കേന്ദ്ര സർക്കാർ പ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിലായിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ദേശീയ തലത്തിലെ പ്രവേശന പരീക്ഷാ സംവിധാനത്തിൽ വലിയ മാറ്റമായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ 2026 ജൂൺ 21-ന് വീണ്ടും നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14 മുതൽ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മെയ് 3-ന് നടത്തിയ പരീക്ഷയ്ക്ക് ശേഷം മെയ് 7-ന് ച്യപേപ്പർ ചോർച്ച സംബന്ധിച്ച ആശങ്കകൾ ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. തുടർന്ന് മെയ് 12-ന് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വിദ്യാർത്ഥികളുടെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് കരുതി ഉടൻ നടപടിയെടുത്തു,” എന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഒരിക്കലും സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ സമഗ്ര അന്വേഷണം നടത്തുകയാണെന്നും ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മുൻകാല സംഭവങ്ങളെ തുടർന്ന് രൂപീകരിച്ച രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിൽ വീഴ്ചകൾ സംഭവിച്ചതായി മന്ത്രി സമ്മതിച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച എൻടിഎയിൽ (NTA) തുടർച്ചയായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ടെന്നും “സീറോ എറർ” പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഫീസ് തിരികെ നൽകുമെന്നും പരീക്ഷ സൗജന്യമായിരിക്കും എന്നും മന്ത്രി ഉറപ്പുനൽകി. പരീക്ഷയ്ക്ക് ഒരു ആഴ്ച മുമ്പ് ഇഷ്ടപ്പെട്ട പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരം നൽകുമെന്നും, കാലാവസ്ഥയും ഗതാഗത സൗകര്യങ്ങളും പരിഗണിച്ച് ക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക