ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളെ ശക്തമായി തള്ളി കിം ജോങ് ഉന്നിന്റെ സഹോദരിയും മുതിർന്ന നേതാവുമായ കിം യോ-ജോങ്. രാജ്യത്തിന്റെ ആണവായുധങ്ങൾ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രധാന ആയുധമാണെന്നും ആണവനിരായുധീകരണം ഒരിക്കലും ചർച്ച ചെയ്യാനാകാത്ത വിഷയമാണെന്നും അവർ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണത്തിന് പിന്തുണ പ്രഖ്യാപിച്ച ജി7 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കിം യോ-ജോങിന്റെ പ്രതികരണം. അമേരിക്കയും സഖ്യരാജ്യങ്ങളും ഇപ്പോഴും “കാലഹരണപ്പെട്ട ആവശ്യങ്ങൾ” ഉന്നയിക്കുകയാണെന്ന് അവർ വിമർശിച്ചു.
ആണവായുധങ്ങൾ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശക്തമായ പ്രതിരോധ മാർഗമാണെന്നും അത് സ്വയം പ്രതിരോധത്തിനായുള്ള നിയമാനുസൃത അവകാശത്തിന്റെ ഭാഗമാണെന്നും കിം യോ-ജോങ് അവകാശപ്പെട്ടു. ഒരു ആണവായുധ രാഷ്ട്രത്തിന്റെ അടിസ്ഥാന താൽപര്യങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്ക് ശേഷം അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കനുസൃതമായി ഉത്തരകൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണത്തിനുള്ള പ്രതിബദ്ധത വീണ്ടും ആവർത്തിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളിലും സൈബർ കുറ്റകൃത്യങ്ങളിലുമുള്ള ആശങ്കകളും ജി7 നേതാക്കൾ രേഖപ്പെടുത്തിയിരുന്നു .
