ശത്രു രാജ്യങ്ങൾ ഒഴികെയുള്ള എല്ലാവർക്കും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രി അരഗ്ചി

ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് നിർണായക പ്രതികരണവുമായി രംഗത്തെത്തി . ഇറാനുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ കപ്പലുകൾ ഒഴികെ മറ്റ് എല്ലാ കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി പ്രതികരിച്ചത്. ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ നിരവധി കപ്പലുകൾക്ക് ഇറാൻ സുരക്ഷിതമായ കടന്നുപോകൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, ഭാവിയിലും അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്ന നിലയിൽ തുടരണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ നിലവിലെ സുരക്ഷാ സാഹചര്യത്തിൽ കടന്നുപോകുന്ന കപ്പലുകൾ ഇറാൻ സൈന്യവുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കണം. പ്രദേശത്ത് മൈനുകളും മറ്റ് തടസ്സങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്,” അരഗ്ചി പറഞ്ഞു.

സുരക്ഷിതമായ സമുദ്ര ഗതാഗതം ഉറപ്പാക്കുക എന്നത് ഇറാന്റെ നയവും താൽപ്പര്യവുമാണെന്നും സുരക്ഷിതമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന എല്ലാ കപ്പലുകൾക്കും സഹായം നൽകാൻ ടെഹ്റാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ന്യൂക്ലിയർ ഡീൽ ഇറാൻ ഒപ്പുവച്ചതിലൂടെ സമാധാനപരമായ ആണവ പദ്ധതിയോടുള്ള പ്രതിബദ്ധത ഇറാൻ നേരത്തെ തെളിയിച്ചിട്ടുണ്ടെന്നും രാജ്യം ആണവായുധങ്ങൾ തേടുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

മറുപടി രേഖപ്പെടുത്തുക