തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിന് സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിക്ക് പിന്നാലെ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി രണ്ടാമനായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ, പ്രിയങ്ക എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകിട്ട് ലോക്ഭവനിൽ നടന്ന യോഗത്തിൽ വിഡി സതീശന് കൈമാറിയിരുന്നു. വകുപ്പുവിഭജനം സംബന്ധിച്ച പട്ടിക സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർക്ക് സമർപ്പിക്കും.
1982ലെ കെ കരുണാകരൻ മന്ത്രിസഭയ്ക്ക് ശേഷം യുഡിഎഫിന്റെ മുഴുവൻ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യമായാണ്. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തുന്നത്.
