ഏകാധിപതിയെ പോലെ തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നൽകിയത്?: എ.എ. റഹീം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എ.എ. റഹീം. ഏകാധിപതിയെപ്പോലെ തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നൽകിയതെന്നും, ആരുടെ നിർദേശപ്രകാരമാണ് നിയമവിരുദ്ധ നടപടികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

ജനാധിപത്യത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയതെന്ന് ആരോപിച്ച റഹീം, ഗ്യാനേഷ് കുമാർ രാജിവെക്കുകയും തന്റെ നടപടികൾക്ക് മറുപടി നൽകുകയും വേണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ കഴിഞ്ഞ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടിക പുനഃപരിശോധനയുമായി ബന്ധപ്പെട്ട എസ്ഐആർ നടപടികളിൽ ഭരണഘടനാപരമായ ആശങ്കകൾ ഉയർന്നിരുന്നുവെന്നും, അന്യായമായി വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയായിരുന്നു വിയോജിപ്പുകളെന്നും റഹീം ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടർ ഒഴിവാക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1995-ലെ ടി.എൻ. ശേഷൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയ റഹീം, മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിലപാടുകൾ മറികടന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

വോട്ടർ പട്ടിക സംബന്ധിച്ച നടപടികളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഗ്യാനേഷ് കുമാർ മറുപടി പറയണമെന്നും, ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണമെന്നും എ.എ. റഹീം ആഹ്വാനം ചെയ്തു.

മറുപടി രേഖപ്പെടുത്തുക