അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധേയ നേട്ടവുമായി ഇന്ത്യൻ വംശജ. ഡെമോക്രാറ്റിക് പാർട്ടി അംഗമായ പ്രിയ സുന്ദരേശൻ അരിസോണ സ്റ്റേറ്റ് സെനറ്റിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം മൂന്നര പതിറ്റാണ്ടിനുശേഷം സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് പ്രിയയ്ക്ക് സുപ്രധാന പദവിയിലേക്ക് അവസരം ലഭിച്ചത്. 2027 ജനുവരിയിൽ അവർ ഔദ്യോഗികമായി ചുമതലയേൽക്കും.
നവംബർ ആറിന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സെനറ്റിലെ ഡെമോക്രാറ്റുകൾ പ്രിയയെ നേതാവായി തിരഞ്ഞെടുത്തത്. 30 അംഗ സെനറ്റിൽ 20 സീറ്റുകൾ നേടിയാണ് പാർട്ടി മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പിച്ചത്. നേരത്തെ 13 സീറ്റുകൾ മാത്രമായിരുന്നു ഡെമോക്രാറ്റുകൾക്കുണ്ടായിരുന്നത്. 1992ന് ശേഷം ആദ്യമായാണ് പാർട്ടി അരിസോണ സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നത്.
60 അംഗ പ്രതിനിധി സഭയിൽ 37 സീറ്റുകളും ഡെമോക്രാറ്റുകൾ നേടിയിട്ടുണ്ട്. ഗവർണർ സ്ഥാനവും പാർട്ടിക്ക് ലഭിച്ചതോടെ 1966ന് ശേഷം ആദ്യമായി അരിസോണയിലെ ഭരണ-നിയമനിർമാണ സംവിധാനങ്ങളിൽ ഡെമോക്രാറ്റുകൾക്ക് പൂർണ നിയന്ത്രണം ലഭിച്ചിരിക്കുകയാണ്.
അരിസോണയിലെ ജനങ്ങൾ കടുത്ത പക്ഷപാത രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് പുതിയ ദിശയാണ് തിരഞ്ഞെടുത്തതെന്ന് തിരഞ്ഞെടുപ്പിന് പിന്നാലെ പ്രിയ സുന്ദരേശൻ പറഞ്ഞു. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും തെക്കൻ അരിസോണയുടെ വികസനത്തിനും മുൻഗണന നൽകുമെന്നും അവർ വ്യക്തമാക്കി. തെക്കൻ അരിസോണയ്ക്ക് നിയമസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി ഇനി ഉണ്ടാകില്ലെന്നും സർവകലാശാലകൾക്കുള്ള ധനസഹായം, റോഡ് വികസനം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രിയ കൂട്ടിച്ചേർത്തു.
ടക്സണിൽ ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകളായി ജനിച്ച പ്രിയ സുന്ദരേശൻ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് അരിസോണ സർവകലാശാലയിൽ നിയമത്തിലും കാർഷിക സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് പരിസ്ഥിതി നിയമ വിദഗ്ധയായും പ്രൊഫസറായും പ്രവർത്തിച്ചു. 2022ലാണ് ആദ്യമായി സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. അവിടെനിന്ന് സെനറ്റ് പ്രസിഡന്റ് പദവിയിലേക്കുള്ള പ്രിയയുടെ വളർച്ച ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനും അഭിമാനനേട്ടമാണ്.
