പാഴ്‌വസ്തുക്കളിൽ നിന്ന് കോടികളുടെ വരുമാനം; 14 ഏക്കർ ഭൂമിയും വീണ്ടെടുത്ത് ഇന്ത്യൻ റെയിൽവേ

പഴയതും ഉപയോഗശൂന്യവുമായ സാധനങ്ങൾ നീക്കം ചെയ്തതിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത് 628.49 കോടി രൂപ. ഒരു മാസം നീണ്ടുനിന്ന ‘സ്പെഷ്യൽ ഓപ്പറേഷൻ 6’ എന്ന ശുചീകരണ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം. 600 കോടി രൂപയായിരുന്നു റെയിൽവേ മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. ഇതിനു പുറമേ 14 ഏക്കറിലധികം ഭൂമിയും ഒഴിപ്പിച്ച് ഉപയോഗയോഗ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു.

2026 ഒക്ടോബർ രണ്ട് മുതൽ 31 വരെ രാജ്യത്തെ വിവിധ സോണൽ റെയിൽവേകൾ, ഡിവിഷനുകൾ, ഉൽപ്പാദന യൂണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രത്യേക പ്രവർത്തനം. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തിലധികം ശുചീകരണ പരിപാടികൾ സംഘടിപ്പിക്കുകയും 1.5 ലക്ഷത്തിലധികം ഇ-മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

ഇ-മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് സംസ്കരിച്ചതിലൂടെ 10.43 കോടി രൂപയുടെ വരുമാനവും ലഭിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ഓഫീസുകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. പഴയ ഭൗതിക, ഇലക്ട്രോണിക് രേഖകൾ പരിശോധിച്ച് അനാവശ്യ രേഖകൾ ഒഴിവാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ, പാർലമെന്ററി വിഷയങ്ങൾ, വിഐപി റഫറൻസുകൾ തുടങ്ങിയ തീർപ്പാകാത്ത കാര്യങ്ങളിലും നടപടി സ്വീകരിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാൻ ‘റെയിൽ ജൻ സംവാദ്’ പരിപാടിയും സംഘടിപ്പിച്ചു. ഒക്ടോബർ 22ന് രാജ്യത്തെ 5,884 റെയിൽവേ സ്റ്റേഷനുകളിൽ ഒരേസമയം നടന്ന പരിപാടിയിൽ യാത്രക്കാർക്ക് പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാനുള്ള അവസരമൊരുക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

സ്ക്രാപ്പ് നീക്കത്തിലൂടെ 628.49 കോടി രൂപയും ഇ-മാലിന്യ സംസ്കരണത്തിലൂടെ 10.43 കോടി രൂപയും ലഭിച്ചതോടെ ശുചിത്വം, മാലിന്യനിർമാർജനം, സ്ഥലപരിപാലനം എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചതായാണ് റെയിൽവേയുടെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക