തെലുങ്ക് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡേലയും വേർപിരിയുന്നു. 13 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സംയുക്ത പ്രസ്താവനയിലൂടെയാണ് വേർപിരിയൽ വിവരം അറിയിച്ചത്.
പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് ഈ വിഷമകരമായ തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. വിവാഹബന്ധം അവസാനിപ്പിച്ചാലും നല്ല സുഹൃത്തുക്കളായി തുടരാനും കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ സംയുക്തമായി നിർവഹിക്കാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ ഈ ഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്നും തീരുമാനത്തെ ബഹുമാനിക്കണമെന്നും പൊതുജനങ്ങളോടും അഭ്യുദയകാംക്ഷികളോടും അവർ അഭ്യർഥിച്ചു. ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു.
2013ലാണ് പവൻ കല്യാണും അന്ന കൊനിഡേലയും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. 1997ൽ നന്ദിനിയെ വിവാഹം ചെയ്തെങ്കിലും 1999ൽ ബന്ധം വേർപിരിഞ്ഞു. തുടർന്ന് 2009ൽ നടി രേണു ദേശായിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകളും ഒരു മകനുമുണ്ട്. 2012ലാണ് ഇരുവരും വിവാഹമോചിതരായത്.
