2004ൽ പ്രധാനമന്ത്രി പദം നിരസിച്ചതിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി

2004ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനത്തിന് പിന്നിലെ സംഭവവികാസങ്ങൾ വെളിപ്പെടുത്തി അവർ. പുതിയ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് വർഷങ്ങളായി രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞുനിന്ന സംഭവത്തിന്റെ ഉള്ളറകൾ സോണിയ പങ്കുവെച്ചത്. മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ആശങ്കയും സ്വന്തം മനസാക്ഷിയുടെ ശബ്ദവുമാണ് പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തീരുമാനത്തിൽ നിർണായകമായതെന്ന് സോണിയ പുസ്തകത്തിൽ പറയുന്നു.

2004ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുതന്നെ താൻ പ്രധാനമന്ത്രിയാകുമോ എന്ന കാര്യം മക്കളുമായി ചർച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിലൊരാൾ ചോദിച്ചപ്പോൾ, ഒരിക്കലുമില്ലെന്നായിരുന്നു തന്റെ ഉറച്ച മറുപടിയെന്ന് സോണിയ ഓർക്കുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ നേരിട്ടറിഞ്ഞ രാഹുലിനും പ്രിയങ്കയ്ക്കും അമ്മയുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. പദവി ഏറ്റെടുക്കില്ലെന്ന ഉറപ്പ് ലഭിച്ചപ്പോൾ ഇരുവർക്കും വലിയ ആശ്വാസമായെന്നും സോണിയ കുറിക്കുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാഷ്ട്രീയ സാഹചര്യം മാറി. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രി പദം സംബന്ധിച്ച സമ്മർദം സോണിയയ്ക്ക് മുന്നിൽ ശക്തമായി. രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും രാജ്യത്തിനായി ചെയ്ത കാര്യങ്ങളും ജനങ്ങളോടുള്ള തന്റെ ഉത്തരവാദിത്തവും ഒരുവശത്ത്; കുടുംബത്തിന്റെ സുരക്ഷയും സ്വന്തം നിലപാടും മറുവശത്ത്. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ആ ദിവസങ്ങളിൽ കടന്നുപോയതെന്ന് സോണിയ പറയുന്നു.

10, ജൻപഥിലെ യോഗത്തിൽ സഖ്യകക്ഷി നേതാക്കൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്ന് സോണിയയോട് ആവശ്യപ്പെട്ടു. എന്നാൽ അവർ വിസമ്മതിച്ചതോടെ നേതാക്കൾ സമ്മർദം ശക്തമാക്കി. ‘നിങ്ങളുടെ ഇല്ല എന്ന മറുപടി ഞങ്ങൾ അംഗീകരിക്കില്ല’ എന്ന നിലയിലായിരുന്നു നേതാക്കളുടെ പ്രതികരണം. ഒടുവിൽ സമ്മർദത്തിന് വഴങ്ങി സോണിയ ‘ശരി’ എന്ന് പറഞ്ഞതായും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

ഈ വിവരം അറിഞ്ഞതോടെ പ്രിയങ്കയും രാഹുലും കടുത്ത ആശങ്കയോടെ സോണിയയുടെ അടുത്തെത്തി. പ്രധാനമന്ത്രി പദം സ്വീകരിക്കാമെന്ന് സമ്മതിച്ചോ എന്ന് രാഹുൽ ചോദിച്ചു. നേതാക്കൾ തന്നെ സമ്മർദത്തിലാക്കിയെന്നാണ് സോണിയ മറുപടി നൽകിയത്. എന്നാൽ ആരുടെയും നിർബന്ധത്തിന് വഴങ്ങരുതെന്നും നേരത്തെ എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്നും പ്രിയങ്ക അമ്മയോട് ആവശ്യപ്പെട്ടു. ഈ തീരുമാനത്തിൽ തങ്ങൾ അമ്മയ്ക്കൊപ്പം നിൽക്കുമെന്നും ഇരുവരും ഉറപ്പുനൽകി.

തുടർന്ന് കിടപ്പുമുറിയിൽ ഒറ്റയ്ക്കിരുന്ന് ഏറെ നേരം ആലോചിച്ച ശേഷമാണ് സോണിയ അന്തിമ തീരുമാനത്തിലെത്തിയത്. ഇന്ത്യയെ സ്വന്തം രാജ്യമായി സ്വീകരിച്ച തനിക്ക് ജനങ്ങളോടും പാർട്ടിയോടും ഉത്തരവാദിത്തമുണ്ടെന്ന ചിന്തയും പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിലുള്ള ആശങ്കയും തമ്മിലായിരുന്നു മനസിലെ പോരാട്ടം. ഒടുവിൽ മനസാക്ഷിയുടെ ശബ്ദം പിന്തുടർന്ന് പദവി നിരസിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അവർ പറയുന്നു. തീരുമാനം അറിയിക്കാൻ മകന്റെ മുറിയിലെത്തിയപ്പോൾ രാഹുൽ അതിനെ സ്വാഗതം ചെയ്തതായും സോണിയ ഓർക്കുന്നു.

പിന്നീട് പാർലമെന്റിൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്ന ആവശ്യങ്ങൾ ഉയർന്നപ്പോഴും സോണിയ തന്റെ നിലപാടിൽ ഉറച്ചുനിന്നു. അന്തരാത്മാവിന്റെ ശബ്ദം കേട്ടാണ് പദവി നിരസിക്കുന്നതെന്ന് പ്രഖ്യാപിച്ച അവർ, തനിക്ക് പകരം ഡോ. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി നിർദേശിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തുനിന്ന് പിന്മാറിയ സോണിയയുടെ നിർദേശത്തെ തുടർന്ന് മൻമോഹൻ സിങ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തി.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളിലൊന്നായി മാറിയ 2004ലെ സംഭവത്തിന് പിന്നിലെ വ്യക്തിപരമായ അനുഭവങ്ങളും കുടുംബത്തിനുള്ളിലെ ചർച്ചകളും ആദ്യമായാണ് ഇത്ര വിശദമായി സോണിയ ഗാന്ധി ആത്മകഥയിലൂടെ പങ്കുവെക്കുന്നത്.

മറുപടി രേഖപ്പെടുത്തുക