ലൈംഗിക പീഡന പരാതിയിൽ ഒളിവിലുള്ള ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ അറസ്റ്റിലായ യുവനടിയുടെ മൊഴി പുറത്ത്. പീഡന പരാതി ഒതുക്കിത്തീർക്കാൻ ഡോക്ടർ ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും ഇത് നിരസിച്ചതോടെയാണ് മർദനമേറ്റെന്ന പരാതി നൽകിയതെന്നും നടി പൊലീസിനോട് പറഞ്ഞു. ഡോക്ടറെ മർദിച്ചെന്ന കേസിലാണ് യുവനടിയെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട തെളിവുകൾ ഡോക്ടറുടെ മൊബൈൽ ഫോണിലുണ്ടെന്നും അവ നശിപ്പിക്കപ്പെടാതിരിക്കാനാണ് ഫോൺ തിരികെ നൽകാതിരുന്നതെന്നും നടി മൊഴി നൽകിയിട്ടുണ്ട്. ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്ത ഫോൺ പരാതിക്കാരിയായ ബന്ധു മുഖേന പൊലീസിന് കൈമാറാനായിരുന്നു ലക്ഷ്യമെന്നും നടി വിശദീകരിച്ചു.
അറസ്റ്റിലായ യുവനടിയെയും സുഹൃത്തുക്കളെയും ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഒളിവിലുള്ള ഡോക്ടർ ജോൺസൺ കെ. വർഗീസിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചു.
ഡോക്ടർക്കെതിരെ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകർ ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഈ മാസം മൂന്നിനാണ് ഡോക്ടർ അവസാനമായി ആശുപത്രിയിലെത്തിയത്.
