ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യമായ ട്രീസ് ജോളി–ഗായത്രി ഗോപിചന്ദ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച കുമാമോട്ടോ പ്രിഫെക്ചറൽ ജിംനേഷ്യത്തിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ജപ്പാന്റെ ഹിനാറ്റ സുസുക്കി–നാവോ യമകിത സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ പരാജയപ്പെടുത്തിയത്. 42 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-17, 21-14 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം.
പുരുഷ ഡബിൾസിൽ ഹരിഹരൻ അംസകരുണനും അർജുൻ എം.ആറും വാക്കോവറിലൂടെ രണ്ടാം റൗണ്ടിലെത്തി. മുൻ ലോക ചാമ്പ്യന്മാരായ മലേഷ്യയുടെ ആരോൺ ചിയ–സോ വൂയി യിക് സഖ്യം ആദ്യ ഗെയിമിനിടെ പിന്മാറുകയായിരുന്നു. അപ്പോൾ 11-6ന് ഇന്ത്യൻ സഖ്യം മുന്നിലായിരുന്നു.
അതേസമയം, മിക്സഡ് ഡബിൾസിൽ ധ്രുവ് കപില–രാധിക ശർമ സഖ്യം യോഗ്യതാ റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ ചെൻ ഷി യി–ഫ്രാൻസെസ്ക കോർബറ്റ് സഖ്യത്തോട് 16-21, 15-21 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരങ്ങളുടെ തോൽവി.
