അന്താരാഷ്ട്ര മത്സരങ്ങളില്‍ ജൂൺ വരെ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് സ്വപ്നങ്ങൾക്ക് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് ഗുസ്തി ഫെഡറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഭാരപരിധി ലംഘിച്ചതും ഉത്തേജകവിരുദ്ധ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് നോട്ടീസില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്.
2024 ലെ പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും മത്സര ദിവസം രാവിലെ നടത്തിയ പരിശോധനയില്‍ 100 ഗ്രാം അധികഭാരമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു.

തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടയില്‍ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. നിലവില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എയായാണ് വിനേഷ് പ്രവര്‍ത്തിക്കുന്നത്. ഫെഡറേഷന്‍ നല്‍കിയ 15 പേജുള്ള നോട്ടീസില്‍ 2026 ജൂണ്‍ വരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന പരാമര്‍ശവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ, 2028 ഒളിമ്പിക്സിനെ ലക്ഷ്യമിട്ട് തിരിച്ചുവരാന്‍ താന്‍ തയ്യാറെടുക്കുകയാണെന്ന് വിനേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടക്കുന്ന ദേശീയ ഓപ്പണ്‍ റാങ്കിങ് ഗുസ്തി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനിരിക്കെയാണ് ഫെഡറേഷന്റെ നടപടി താരത്തിന് പുതിയ തിരിച്ചടിയായി മാറിയത്. അന്താരാഷ്ട്ര യോഗ്യതാ ടൂര്‍ണമെന്റുകള്‍ അടുത്തിരിക്കെ വന്ന ഈ നടപടിയെ ഗുസ്തി ലോകം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക