ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചിയിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. തിരുവനന്തപുരം ഇടവ സ്വദേശിയായ എൻ.എസ്. ഡാനിഷ് (28), കൊല്ലം പരവൂർ സ്വദേശിയായ രാഹുൽ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ അതുലിനായി തിരച്ചിൽ തുടരുകയാണ്.

പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. യുവതിയുടെ ആൺസുഹൃത്തിന്റെ സാന്നിധ്യത്തിൽ തന്നെ യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഉപദ്രവിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ എസ്കേപ്പ് വഴി ഇറങ്ങി ഓടിയാണ് യുവതിയും സുഹൃത്തും രക്ഷപ്പെട്ടത്.

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന എംബിഎ ബിരുദധാരിയായ 24കാരിയാണ് ഇര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ഹോട്ടലിന്റെ പത്താം നിലയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

യുവതിയും എറണാകുളം സ്വദേശിയായ സുഹൃത്തും കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനിടെ താഴത്തെ നിലയിൽ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികൾ ഇവരെ ശ്രദ്ധിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് യുവതിയോട് ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടു. യുവതി നിരസിച്ചതോടെ സുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവതി ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികൾ കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് പ്രതികളെ കണ്ടെത്തിയത്. യുവതിയുടെ ബാഗിൽ നിന്ന് ലഭിച്ച സൺഗ്ലാസ് ധരിച്ച് മൂന്നാം പ്രതിയായ അതുൽ സാമൂഹിക മാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്തതും അന്വേഷണത്തിൽ നിർണായകമായി.

ആദ്യഘട്ടത്തിൽ യുവതി പൊലീസിനോട് മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തിയിരുന്നില്ല. കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ആദ്യം മൊഴി നൽകിയിരുന്നത്. പിന്നീട് പിടിയിലായ പ്രതി രാഹുലിനെ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം വ്യക്തമായത്. നിലവിൽ യുവതിക്ക് കൗൺസിലിംഗ് നൽകിവരികയാണ്.

മറുപടി രേഖപ്പെടുത്തുക