തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; ഡിഎംകെ–എഐഎഡിഎംകെ കൂട്ടുകെട്ടിന് ടിവികെയുടെ രാജി ഭീഷണി

തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, ടിവികെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഡിഎംകെയും എ ഐ എ ഡി എംകെയും കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടിവികെയുടെ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്നാണ് പാർട്ടി പ്രഖ്യാപിച്ചത്.

ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ പിന്തുണ ഇല്ലെന്ന കാരണത്താൽ ടിവികെയുടെ സർക്കാർ രൂപീകരണ അവകാശവാദം ഗവർണർ തള്ളിയതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ ശക്തമായത്.

234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. നിലവിൽ വിജയ് ഉൾപ്പെടെ 108 എംഎൽഎമാരാണ് ടിവികെയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിനായി 118 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെയുടെ അംഗബലം 113 ആയി ഉയർന്നു. എന്നിരുന്നാലും, മാജിക് നമ്പറായ 118 തികയ്ക്കാൻ ഇനിയും അഞ്ച് എംഎൽഎമാരുടെ പിന്തുണ കൂടി ആവശ്യമാണ്.

കൃത്യമായ പിന്തുണക്കത്തുകൾ സമർപ്പിക്കാതെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇതോടെ തമിഴ്നാട്ടിലെ സർക്കാർ രൂപീകരണ ചർച്ചകൾ കൂടുതൽ സങ്കീർണമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക