ബിജെപി അജണ്ടകൾക്ക് അനുസരിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് സിപിഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്ത ബന്ധമുള്ളയാളാണെന്നും മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണെന്നും തോമസ് ഐസക് ആരോപിച്ചു.
2006ൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് ഗ്യാനേഷ് കുമാറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും പിന്നീട് അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. പ്രതിരോധ മന്ത്രാലയത്തിലും കേരള ഹൗസിലെ റസിഡന്റ് കമ്മിഷണർ സ്ഥാനത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗിക സേവനരേഖയിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ അദ്ദേഹം സെക്രട്ടറിയായി പ്രവർത്തിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്‌ഐആറിന്റെ പേരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ തീവ്ര പരിശോധന നടത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് രണ്ട് കമ്മിഷണർമാർ വിവിധ ഘട്ടങ്ങളിൽ രേഖാമൂലം എതിർപ്പുകൾ ഉന്നയിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ കമ്മിഷന്റെ സാധാരണ ആന്തരിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നും എസ്‌ഐആർ ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ പൂർണ കമ്മിഷൻ ഏകകണ്ഠമായാണ് എടുത്തതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
