ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം; ഡി.പി.ആർ തയ്യാറാക്കാൻ വിദഗ്ധ സമിതി

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ഇൻഷുറൻസ് മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ അംഗം പി.ജെ. ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ധ അംഗങ്ങൾ.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ വകുപ്പുകളുടെ സെക്രട്ടറിമാരും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും അംഗങ്ങളായിരിക്കും. നാല് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

വരുമാനപരിധി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പരമാവധി കുറച്ച് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എംപാനൽ ചെയ്ത സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന രീതിയിൽ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന പദ്ധതി നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി വാഗ്ദാനങ്ങളിലൊന്നായിരുന്നു ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി. 2026-27 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്.

നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുമായും പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായും പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നതും സമിതി പരിശോധിക്കും. പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രി എംപാനൽമെന്റ്, ക്ലെയിം മാനേജ്മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതിപരിഹാര സംവിധാനം തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടും.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വിപുലമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചതെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക