മൻമോഹൻ സിങ്ങിനെ ആദരിച്ച് തെലങ്കാന; പ്രതിമ അനാച്ഛാദനം രേവന്ത് റെഡ്ഡി നിർവഹിക്കും

മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യും. നഗരത്തിലെ ഐടി ഇടനാഴിയായ ഗച്ചിബൗളിയിലെ വിപ്രോ സർക്കിളിൽ സ്ഥാപിച്ച വെങ്കല പ്രതിമ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശനിയാഴ്ച അനാച്ഛാദനം ചെയ്യുമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു.

ചടങ്ങിനായുള്ള ഒരുക്കങ്ങൾ വെള്ളിയാഴ്ച ഹൈദരാബാദ് ചുമതലയുള്ള മന്ത്രി പൊന്നം പ്രഭാകർ വിലയിരുത്തി. മൻമോഹൻ സിങ്ങിന്റെ പൊതുസേവനങ്ങളും രാജ്യനിർമാണത്തിൽ നൽകിയ സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ച അദ്ദേഹം, പ്രതിമ ഭാവിതലമുറകൾക്ക് അദ്ദേഹത്തിന്റെ സാമ്പത്തിക ദർശനവും എളിമയാർന്ന നേതൃത്വവും ഓർമിപ്പിക്കുന്ന സ്ഥിരം സ്മാരകമാകുമെന്ന് പറഞ്ഞു.

1991-ൽ ധനമന്ത്രിയായി മൻമോഹൻ സിംഗ് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരിക്കെ ദേശീയ വികസനം, പൊതുജനക്ഷേമം, സാമ്പത്തിക സ്ഥിരത എന്നിവയ്ക്കായി നൽകിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA), വിവരാവകാശ നിയമം (RTI), വിദ്യാഭ്യാസ അവകാശ നിയമം (RTE) തുടങ്ങിയ സുപ്രധാന പദ്ധതികളും നിയമങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്താണ് നടപ്പിലാക്കിയതെന്ന് പൊന്നം പ്രഭാകർ പറഞ്ഞു.

തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്രിയയിലും മൻമോഹൻ സിംഗ് നിർണായക പങ്കുവഹിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. 2009-ൽ പ്രത്യേക സംസ്ഥാന രൂപീകരണ നടപടികൾ ആരംഭിച്ചതുമുതൽ 2014-ൽ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിലൂടെ തെലങ്കാന നിലവിൽ വരുന്നതുവരെ യുപിഎ സർക്കാർ ചരിത്രപരമായ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ എംപിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമാന നിമിഷങ്ങളിലൊന്നാണെന്നും പൊന്നം പ്രഭാകർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക