കാനഡയ്ക്കെതിരായ വ്യാപാരനടപടികൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വാഹനങ്ങൾ, മദ്യം, പാലുൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് നൂറുകണക്കിന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
1930ലെ താരിഫ് ആക്ടിലെ സെക്ഷൻ 338 പ്രകാരമാണ് നടപടി. പുതിയ തീരുവകൾ 30 ദിവസത്തിനകം പ്രാബല്യത്തിൽ വരും. യുഎസ്-മെക്സിക്കോ-കാനഡ കരാർ പ്രകാരമുള്ള മുൻഗണനകൾക്കും ഇതിൽ ഇളവ് ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വൈൻ, ഹോക്കി സ്റ്റിക്കുകൾ, സിമന്റ്, വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങി നൂറുകണക്കിന് കനേഡിയൻ ഉൽപ്പന്നങ്ങളെയാണ് പുതിയ തീരുവ ബാധിക്കുക. അതേസമയം, ഊർജ്ജ ഉൽപ്പന്നങ്ങൾ, പൊട്ടാഷ്, മത്സ്യം, നിർണായക ധാതുക്കൾ തുടങ്ങിയ ചില മേഖലകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
അമേരിക്കൻ വാഹനങ്ങൾക്കും മദ്യത്തിനും പാലുൽപ്പന്നങ്ങൾക്കും കാനഡ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കൻ കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. കഴിഞ്ഞ വർഷം യുഎസ് വാഹനങ്ങളുടെയും മദ്യ ഉൽപ്പന്നങ്ങളുടെയും കാനഡയിലേക്കുള്ള ഇറക്കുമതിയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായും ഭരണകൂടം ചൂണ്ടിക്കാട്ടി.
അമേരിക്കയുമായി വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനുപകരം അമേരിക്കൻ താരിഫുകൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ച രാജ്യങ്ങളിൽ കാനഡയും ചൈനയും മാത്രമാണെന്നും വൈറ്റ് ഹൗസ് ആരോപിച്ചു. “അമേരിക്ക ഫസ്റ്റ്” സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് പുതിയ വ്യാപാരനടപടികളെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
