റഷ്യൻ ഡിസൈനറുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് പുതിയ ബാങ്ക് നോട്ടിലെ അക്ഷര രൂപകൽപ്പന (ടൈപ്പോഗ്രഫി) മാറ്റാൻ ഉക്രെയ്ൻ നാഷണൽ ബാങ്ക് തീരുമാനിച്ചു. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ ഉക്രെയ്ൻ പുറത്തിറക്കിയ ഏറ്റവും ഉയർന്ന മൂല്യമുള്ള 2,000 ഹ്രിവ്നിയ നോട്ടിലാണ് വിവാദം ഉയർന്നത്.
ഉക്രെയ്ൻ കവിയും വിമതനുമായ വാസിൽ സ്റ്റസിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്ന ഈ നോട്ടിലെ അക്ഷരശൈലി റഷ്യൻ ഡിസൈനർ സൃഷ്ടിച്ച ഫോണ്ടിനോട് സാമ്യമുണ്ടെന്ന് രാജ്യത്തെ ഡിസൈൻ സമൂഹത്തിലെ ചിലർ ആരോപിച്ചു.
തുടർന്ന് തിങ്കളാഴ്ച അക്ഷര രൂപകൽപ്പന പരിഷ്കരിക്കുമെന്ന് നാഷണൽ ബാങ്ക് ഓഫ് ഉക്രെയ്ൻ അറിയിച്ചു. മൂന്നാം കക്ഷി ഫോണ്ടുകൾ ഉപയോഗിച്ചിട്ടില്ലെന്നും നോട്ടിലെ ഗ്രാഫിക് ഘടകങ്ങൾ എല്ലാം കൈകൊണ്ട് രൂപകൽപ്പന ചെയ്തതാണെന്നും ബാങ്ക് വ്യക്തമാക്കി. എന്നാൽ റഷ്യയുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന്റെ സൂചനകൾ ഒഴിവാക്കുന്നതിനാണ് മാറ്റം വരുത്തുന്നതെന്നും അധികൃതർ പറഞ്ഞു.
നാഷണൽ ബാങ്ക് ഗവർണർ ആൻഡ്രി പിഷ്നി, ഒരു ബാങ്ക് നോട്ട് എല്ലാ വിശദാംശങ്ങളിലും കുറ്റമറ്റതായിരിക്കണമെന്നും അനാവശ്യമായ സംശയങ്ങൾക്കോ ബന്ധപ്പെടുത്തലുകൾക്കോ പോലും ഇടനൽകാൻ പാടില്ലെന്നും വ്യക്തമാക്കി.
റഷ്യൻ ഭാഷയുടെയും സംസ്കാരത്തിന്റെയും സ്വാധീനം കുറയ്ക്കാനുള്ള നടപടികൾ ഉക്രെയ്ൻ സമീപ വർഷങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുമായി ബന്ധപ്പെട്ട സ്മാരകങ്ങളും സാംസ്കാരിക ചിഹ്നങ്ങളും നീക്കം ചെയ്യുന്നതും, വിദ്യാഭ്യാസ-സർക്കാർ മേഖലകളിൽ ഉക്രെയ്ൻ ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.
2022-ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ഇത്തരം നടപടികൾ കൂടുതൽ ശക്തമായത്. റഷ്യൻ ഭാഷയ്ക്ക് നൽകിയിരുന്ന ചില നിയമപരമായ സംരക്ഷണങ്ങൾ പിൻവലിക്കുകയും റഷ്യൻ സാഹിത്യത്തിന്റെ പ്രചാരം നിയന്ത്രിക്കുന്നതിനുള്ള നടപടികളും ഉക്രെയ്ൻ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം കീവിൽ റഷ്യൻ എഴുത്തുകാരൻ മിഖായേൽ ബൾഗാക്കോവിന്റെ സ്മാരകം നീക്കം ചെയ്തിരുന്നു. റഷ്യയുമായും മുൻ സോവിയറ്റ് കാലഘട്ടവുമായും ബന്ധപ്പെട്ട ചിഹ്നങ്ങൾ ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെട്ടത്.
അതേസമയം, ഉക്രെയ്നിലെ പല മേഖലകളിലും റഷ്യൻ ഭാഷ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. റഷ്യൻ സംസാരിക്കുന്നവരുടെ ഭാഷാ അവകാശ സംരക്ഷണം സമാധാന ചർച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നായി മോസ്കോ തുടർച്ചയായി ഉന്നയിച്ചുവരികയാണ്.
