ന്യൂസിലൻഡിൽ 6.3 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിൽ വ്യാഴാഴ്ച 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരദേശവാസികളോട് സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് ഉടൻ മാറാൻ അധികൃതർ നിർദേശം നൽകി.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫിയോർഡ്‌ലാൻഡ് മേഖലയിലെ ടെ അനാവിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണെന്ന് അധികൃതർ അറിയിച്ചു. മിൽഫോർഡ് സൗണ്ട് മുതൽ പുസെഗുർ പോയിന്റ് വരെയുള്ള സൗത്ത് ഐലൻഡിന്റെ പടിഞ്ഞാറൻ തീരത്താണ് സുനാമി മുന്നറിയിപ്പ് ബാധകമാക്കിയിരിക്കുന്നത്.

കടൽ തിരമാലകൾ തീരത്തേക്ക് കടന്നുകയറാൻ സാധ്യതയുള്ളതിനാൽ, തീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഉടൻ ഒഴിഞ്ഞുമാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുന്നിടത്ത് നടന്നോ ഓടിയോ സൈക്കിളിലോ സുരക്ഷിത കേന്ദ്രങ്ങളിലെത്താനാണ് നിർദേശം.

ഓസ്ട്രേലിയൻ, പസഫിക് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമ മേഖലയിലായതിനാൽ ന്യൂസിലൻഡിൽ ഭൂകമ്പങ്ങൾ പതിവാണ്. 2011-ൽ ക്രൈസ്റ്റ്ചർച്ചിൽ ഉണ്ടായ ഭൂകമ്പത്തിൽ 185 പേർ മരിച്ചിരുന്നു.

അതേസമയം, ഏറ്റവും പുതിയ ഭൂകമ്പത്തിൽ ജീവഹാനിയോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂസിലൻഡ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക