അമേരിക്കന്‍ കപ്പലുകള്‍ നമ്മള്‍ മുക്കും; റഷ്യന്‍ എംപിയുടെ മുന്നറിയിപ്പ്

വെനിസ്വേലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ യുഎസ് സേന പിടിച്ചെടുത്തത് സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ് . വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നടന്ന ഈ സംഭവത്തിൽ റഷ്യ കടുത്ത രോഷം പ്രകടിപ്പിച്ചു. യുഎസ് ഈ പെരുമാറ്റം തുടർന്നാൽ, അവരുടെ കോസ്റ്റ് ഗാർഡ് ബോട്ടുകൾ ടോർപ്പിഡോകൾ ഉപയോഗിച്ച് മുക്കേണ്ടിവരുമെന്ന് ഒരു റഷ്യൻ നിയമനിർമ്മാതാവ് കർശന മുന്നറിയിപ്പ് നൽകി.

ഐസ്‌ലാൻഡിൽ നിന്ന് 190 മൈൽ തെക്ക് യുഎസ് പ്രതിരോധ വകുപ്പും കോസ്റ്റ് ഗാർഡും ചേർന്ന് റഷ്യൻ ടാങ്കർ ‘മാരിനേര’ പിടിച്ചെടുത്തിരുന്നു . ഈ പ്രവർത്തനത്തിൽ ബ്രിട്ടനും സഹകരിച്ചു. ഹെലികോപ്റ്ററിൽ കപ്പലിൽ വന്നിറങ്ങിയ യുഎസ് മറൈൻമാർ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. അതേസമയം, പതാകയില്ലാത്ത മറ്റൊരു കപ്പലായ ‘എം/ടി സോഫിയ’യും പിടിച്ചെടുത്തു. ഓപ്പറേഷന്റെ വീഡിയോ യുഎസ് കോസ്റ്റ് ഗാർഡ് പുറത്തിറക്കി.

റഷ്യൻ എംപി അലക്സി ഷുറാവ്ലെവ് സംഭവത്തോട് ശക്തമായി പ്രതികരിച്ചു. “എന്ത് ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന് യുഎസിന് ഉറപ്പുണ്ട്. അന്താരാഷ്ട്ര നിയമം ലംഘിച്ചാൽ സൈനിക ആക്രമണങ്ങൾക്ക് തയ്യാറായിരിക്കണം. ആവശ്യമെങ്കിൽ, യുഎസ് കോസ്റ്റ് ഗാർഡ് ബോട്ടുകൾ മുക്കേണ്ടിവരും,” അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ ഉദ്യോഗസ്ഥർ ഈ നടപടിയെ ‘മാരിടൈം കവർച്ച’ എന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം,വെനിസ്വേലൻ എണ്ണ കയറ്റുമതിയിൽ യുഎസ് ഉപരോധം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് കരുതപ്പെടുന്നു . ഉപരോധങ്ങൾ ഒഴിവാക്കാൻ വെനിസ്വേല, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളെ ലക്ഷ്യമിട്ടാണ് യുഎസ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ പുതിയ സംഭവം യുഎസും റഷ്യയും തമ്മിലുള്ള സംഘർഷം കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക