ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടിജി20 ലീഗ് നിയമവിവാദത്തിലേക്ക്. ബിസിസിഐയുടെ അനുമതിയില്ലാതെയാണ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ (TCA) നിരവധി സിനിമാ-ക്രിക്കറ്റ് താരങ്ങൾക്കുൾപ്പെടെ വക്കീൽ നോട്ടീസ് അയച്ചു.
ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ മുൻകൂർ അംഗീകാരമില്ലാതെ ടിജി20 ലീഗ് നടത്തുന്നത് ചട്ടലംഘനമാണെന്നാണ് ടിസിഎയുടെ ആരോപണം. ഇത്തരം ഒരു ടൂർണമെന്റിനെ പ്രമുഖ താരങ്ങളും സെലിബ്രിറ്റികളും പ്രോത്സാഹിപ്പിക്കുന്നത് നിയമപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ലീഗിന്റെ പേരിൽ കോർപ്പറേറ്റ് കമ്പനികളുമായി വൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും, ഇതിലൂടെ സ്പോൺസർമാരെയും യുവ ക്രിക്കറ്റ് താരങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ടിസിഎ ആരോപിച്ചു. ബിസിസിഐയുടെ ഔദ്യോഗിക അംഗീകാരമില്ലാത്ത ഒരു ലീഗിനെ ഔദ്യോഗിക മത്സരമെന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അവരുടെ നിലപാട്.
ടിജി20 ലീഗിന്റെ ബ്രാൻഡ് അംബാസഡർമാരും പ്രചാരകരുമായി പ്രവർത്തിച്ചതിനാണ് പ്രമുഖ താരങ്ങൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻമാരായ വിജയ് ദേവരകൊണ്ട, വെങ്കിടേഷ് എന്നിവർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്, യുവതാരം തിലക് വർമ്മ, മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു എന്നിവരും നോട്ടീസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്.
ബിസിസിഐ ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം കൂടുതൽ നിയമനടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും ടിസിഎ മുന്നറിയിപ്പ് നൽകി.
അതേസമയം, വിഷയത്തിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോ നോട്ടീസ് ലഭിച്ച താരങ്ങളോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കായിക-സിനിമാ മേഖലകളിൽ വലിയ ശ്രദ്ധ നേടിയ ടിജി20 ലീഗ് ഇപ്പോൾ നിയമവിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.
