2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ദി ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഡിഎഫിനെ ആരാണ് നയിക്കുക എന്ന ചോദ്യത്തിന്, യുഡിഎഫിന് കൂട്ടായ നേതൃത്വമാണുള്ളതെന്നായിരുന്നു സതീശന്റെ മറുപടി. കോൺഗ്രസ് പതിവായി മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കാറില്ലെന്നും, കേരളത്തിലും അതേ രീതിയാണ് പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുക എഐസിസിയായിരിക്കുമെന്നും സതീശൻ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സാധാരണയായി പരിചിത മുഖങ്ങളെയാണ് മത്സരിപ്പിക്കാറുള്ളതെന്നും, ഇത്തവണ ഈ പ്രവണത മാറുമോയെന്ന ചോദ്യത്തിന് മറുപടിയായി സ്ഥാനാർഥികളിൽ തലമുറമാറ്റം ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞു. യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ നൽകുമെന്നും, വലിയ മാറ്റങ്ങൾ ആവശ്യമില്ലാത്തതിനാൽ ഈ പ്രക്രിയ സുഗമമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യധാരാ രാഷ്ട്രീയത്തിൽ തന്നെ പാർട്ടിക്ക് നിരവധി യുവജനപ്രിയ നേതാക്കളുണ്ടെന്നും, സിപിഐഎമ്മിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിന് രണ്ടാംനിരയും മൂന്നാംനിരയും നേതൃനിരയുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും സതീശൻ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും തമ്മിൽ വോട്ടിംഗ് സ്വഭാവത്തിൽ വ്യത്യാസമുണ്ടെങ്കിലും, ഈ ഫലങ്ങൾ ഒരു സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ വാർഡുകളും രാഷ്ട്രീയ വോട്ടിംഗുമുള്ള ജില്ലാ പഞ്ചായത്തുകളുടെ ഫലം പരിഗണിക്കുമ്പോൾ, 2020ൽ മൂന്ന് സീറ്റുകളിൽ മാത്രം ജയിച്ച കോൺഗ്രസ് ഇത്തവണ 14ൽ ഏഴെണ്ണത്തിൽ വിജയിച്ചുവെന്നും, ജില്ലാ പഞ്ചായത്തുകളുടെ എണ്ണം സിപിഐഎമ്മിനേക്കാൾ കൂടുതലാണെന്നും സതീശൻ വ്യക്തമാക്കി.
