അഖിൽ മാരാർ കൊട്ടാരക്കരയിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ് വ്യക്തമാക്കി. നിലവിൽ ബിജെപി മത്സരിക്കുന്ന മണ്ഡലമാണ് കൊട്ടാരക്കരയെന്നും, സീറ്റ് ഘടകകക്ഷിക്ക് വിട്ടുനൽകുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര സീറ്റിൽ ബിജെപി തന്നെ മത്സരിക്കുമെന്നതാണ് നിലവിലെ നിലപാട്. അഖിൽ മാരാർ സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് പാർട്ടിയിലോ ജില്ലാ തലത്തിലോ ചർച്ച ഉണ്ടായിട്ടില്ലെന്നും, ഇത്തരമൊരു തീരുമാനം സംസ്ഥാന നേതൃത്വമാണ് എടുക്കേണ്ടതെന്നും രാജി പ്രസാദ് വ്യക്തമാക്കി. പാർട്ടിയിൽ ഇതുവരെ അത്തരമൊരു ആലോചന ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അഖിൽ മാരാർ കൊല്ലം ജില്ലയിലെ എൻഡിഎ സ്ഥാനാർഥിയായി കൊട്ടാരക്കരയിൽ മത്സരിക്കുമെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയതായി അഖിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബിനോടൊപ്പം വാർത്താസമ്മേളനം നടത്തി മത്സരവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയിരുന്നു. മുൻപ് കോൺഗ്രസ് അനുഭാവിയായി അറിയപ്പെട്ടിരുന്ന അഖിൽ മാരാർ യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
