കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടയ്ക്കാൻ കോൺഗ്രസും ബിജെപിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി മന്ത്രി എം ബി രാജേഷ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടതുപക്ഷത്തെ അഴിമതിക്കാരായി ചിത്രീകരിക്കാനും മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനും ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഡൽഹിയിൽ കെജ്രിവാളിനെയും സിസോദിയയെയും ലക്ഷ്യമിട്ട നടപടികൾക്ക് സമാനമായ നീക്കമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ ശ്രമം കേരളത്തിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ കുറച്ച് സീറ്റുകൾ നേടി സ്വാധീനമുറപ്പിക്കുകയെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്നും, താൽക്കാലികമായി കോൺഗ്രസ് അധികാരത്തിലെത്തിയാലും പിന്നീട് അവരെ അട്ടിമറിച്ചോ വിലയ്ക്കെടുത്തോ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലായിരുന്നു ഉണ്ടായിരുന്നതെന്നും മന്ത്രി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 35 സീറ്റുകൾ ലഭിച്ചാൽ കേരളം ഭരിക്കാമെന്ന അന്നത്തെ ബിജെപി പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ധാരണയുടെ ഭാഗമായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഡൽഹിയിൽ കേജ്രിവാളിനെതിരായ കേസ് കള്ളക്കേസാണെന്ന് പറഞ്ഞ് ഇന്ത്യ ബ്ലോക്കിലെ മറ്റു പാർട്ടികൾ ബിജെപിക്കെതിരെ രംഗത്തെത്തിയപ്പോഴും കോൺഗ്രസ് മൗനം പാലിച്ചതിനെ അദ്ദേഹം ‘അന്തർധാര’യുടെ തെളിവായി വിശേഷിപ്പിച്ചു. ഡൽഹിയിലെ നീക്കം ഭാഗികമായി വിജയിച്ചെങ്കിലും കേരളത്തിൽ പരാജയപ്പെട്ടുവെന്നും, കേരളത്തിലെ ഇടതുപക്ഷത്തെ ദില്ലിയിലേതുപോലെ എളുപ്പത്തിൽ ജയിലിലടയ്ക്കാൻ കഴിയില്ലെന്ന് അന്വേഷണ ഏജൻസികൾക്കും ബിജെപിക്കും മനസ്സിലായെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു.
