തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തിൽപ്പെട്ടവർക്കായി പ്രമുഖ വ്യവസായി എം.എ. യൂസഫലി സഹായഹസ്തവുമായി രംഗത്തെത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് തൃശൂർ ജില്ലാ കളക്ടർ മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. എക്സ് (X) പ്ലാറ്റ്ഫോമിലൂടെ യൂസഫലി ഈ വിവരം അറിയിച്ചു.
ഇതിനിടെ, തൃശൂരിൽ ഉണ്ടായ സംഭവം അതീവ ദുഃഖകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഉത്സവങ്ങൾ ആഹ്ലാദത്തിനായിരിക്കേണ്ടതാണെങ്കിലും, ഇത്തരം അപകടങ്ങൾ വലിയ വേദനയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നീതിപൂർവവും സുതാര്യവുമായി നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തുടർച്ചയായി ഉത്സവങ്ങളോടനുബന്ധിച്ച് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഉത്സവക്കമ്മിറ്റികളും മതനേതാക്കളും മുൻകൈയെടുത്ത് സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടക വസ്തുക്കളുടെ അമിത ഉപയോഗം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി.
