ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യുമെന്ന വാർത്തകളോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. ചാനലുകളിലൂടെ മാത്രമാണ് ഇത്തരം വാർത്തകൾ അറിഞ്ഞതെന്നും, തനിക്ക് ഇതുസംബന്ധിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്ഐടി ചോദ്യം ചെയ്യാൻ വിളിച്ചാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നും, എന്നാൽ ചാനലുകളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പോകാൻ സാധിക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തന്നെ ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ചാനലുകളോട് മാത്രമല്ല, തനിക്കുമാണ് അറിയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയ്ക്ക് താൻ അപ്പോയിൻമെന്റ് എടുത്തു നൽകിയിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് മുമ്പ് തന്നെ വിളിച്ച് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
