എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായം: സുപ്രീം കോടതി

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയിൽ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ശുപാർശ ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്.

കേരള സർക്കാർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, നിയമസഭാംഗങ്ങൾ എന്നിവയുടെ ആവശ്യങ്ങളെ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ച് ഒരാഴ്ചയെങ്കിലും സമയം നീട്ടണമെന്ന് നിർദേശിച്ചത്. കേരളത്തിന്റെ അഭ്യർഥന ന്യായമായതാണെന്നും കോടതി നിരീക്ഷിച്ചു.

എന്യുമറേഷൻ ഫോം 98.8 ശതമാനം വിതരണം ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ വിതരണം ചെയ്ത ഫോമുകൾ ആളുകളിൽ നിന്ന് പൂരിപ്പിച്ച് ലഭിക്കുന്നില്ലെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കാണ് ഇതിന് കാരണം എന്നും സർക്കാർ വാദിച്ചു.

അതേസമയം, ഫോമുകളുടെ പൂരിപ്പിക്കൽ പ്രക്രിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് യാതൊരു വിധ തടസവും സൃഷ്‌ടിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുതിർന്ന അഭിഭാഷകരായ രാകേഷ് ദ്വിവേദിയും മനീന്ദർ സിങ്ങും വ്യക്തമാക്കി.

കാലാവധി നീട്ടേണ്ടതിന്റെ കാരണം ഇതുവരെ സമർപ്പിച്ചിട്ടില്ലെങ്കിൽ ഡിസംബർ 3നകം അത് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകണമെന്ന് ബെഞ്ച് കേരളത്തോട് നിർദേശിക്കുകയും, എന്യുമറേഷൻ ഫോമുകളുടെ അവസാന തീയതി ഒരു ആഴ്ചയോ അതിലധികമോ നീട്ടണമെങ്കിൽ അതിന് ആവശ്യമായ കാരണങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലവും സമർപ്പിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് നടപടികളും SIR പരിഷ്‌കരണവും ഒരേസമയം നടക്കുന്നതിനാൽ വലിയൊരു ജീവനക്കാരുടെ പങ്കാളിത്തമുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ജോലിയുടെ 88 ശതമാനവും ഇതിനകം പൂർത്തിയായിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡിസംബർ 4 ആയിരുന്നു ആദ്യം നിശ്ചയിച്ച അവസാന തീയതി; ഇതിനകം ഒരു ആഴ്ച കൂടി സമയം നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ ദ്വിവേദി അറിയിച്ചു.

ഇതെല്ലാം പരിഗണിച്ച കോടതി നവംബർ 11-ന് ശേഷവും വീണ്ടും ഒരു ആഴ്ച കൂടി സമയം നീട്ടണമെന്ന നിർദേശവും നൽകി. ഇതിലൂടെ പട്ടികയിൽ നിന്നു വഴിവിട്ടുപോയ ആളുകളെ വീണ്ടും ഉൾപ്പെടുത്താൻ കഴിയുമെന്നും കോടതി വ്യക്തമാക്കി. സമയത്തെക്കുറിച്ച് മറ്റേതെങ്കിലും സംസ്ഥാനം ഇതുവരെ ആവശ്യവുമായി വന്നിട്ടില്ലെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ 1.76 ലക്ഷം ജീവനക്കാരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും, കൂടാതെ 25,468 പേരെ SIR പ്രക്രിയയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നതും ബെഞ്ച് രേഖപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക