ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് നിർമ്മാണ തൊഴിലാളികൾക്ക് ദരുണാന്ത്യം. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാമിർപൂരിന് സമീപം ബേത്വ നദിയ്ക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലമാണ് തകർന്നത്. കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ നീളുന്നതാണ് ഈ പാലം.
പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റും കനത്ത മഴയുമുണ്ടായത്. അപകട സമയം തൊഴിലാളികളെല്ലാം പാലത്തിന്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. കാറ്റിന്റെ ആഘാതത്തിൽ പാലത്തിന്റെ വലിയൊരു ഭാഗം പെട്ടെന്ന് തകർന്ന് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ആറ് പേരും മരണപ്പെട്ടത്.
അപകടത്തിൽ മരണപ്പെട്ട ആറ് പേരും നിർമ്മാണ തൊഴിലാളികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്: ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28),സഭാജിത് (30),പുഷ്പേന്ദ്ര സിങ് ചൗഹാൻ (34) , രാജേഷ് പാൽ (42) എന്നിവരാണിവർ.
സംഭവസ്ഥലത്ത് പോലീസും ദുരന്തനിവാരണ സേനയും എത്തിയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുത്തത്. നിർമ്മാണത്തിലിരുന്ന പാലം ശക്തമായ കാറ്റിൽ തകർന്നുവീണത് നിർമ്മാണത്തിലെ അപാകത മൂലമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
