സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കരുത്; കേന്ദ്രം ധവളപത്രം പുറത്തുവിടണം: അരവിന്ദ് കെജ്‌രിവാൾ

രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സൂചന നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ നിർദ്ദേശങ്ങൾക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. വീട്ടിലിരുന്ന് ജോലി ചെയ്യുക, സ്വർണ്ണ ഉപഭോഗം കുറയ്ക്കുക, പൊതുഗതാഗതം കൂടുതലായി ഉപയോഗിക്കുക, വിദേശയാത്രകളും വിദേശ ഉൽപ്പന്നങ്ങളും ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇത്ര കർശനമായി ജനങ്ങൾക്ക് മുന്നിൽ വെച്ചത് ഇതാദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു.

ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ ആഘാതം ആഗോളതലത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യ മാത്രം ഇത്രയും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ കാരണമെന്താണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഭാരവും സാധാരണക്കാരുടെയും മധ്യവർഗത്തിന്റെയും മേൽ മാത്രം ചുമത്തുന്നതെന്തിനാണെന്നും കെജ്‌രിവാൾ ചോദിച്ചു. രാജ്യം പ്രതിസന്ധിയിലാണെങ്കിൽ ആദ്യം ത്യാഗം ചെയ്യേണ്ടത് സർക്കാരും മന്ത്രിമാരുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും സ്വന്തം ആഡംബര ചെലവുകളും വിദേശയാത്രകളും കുറയ്ക്കാൻ തയ്യാറാകാതെ, പൊതുജനങ്ങളോട് മാത്രം ഉപഭോഗം നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നത് നീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള അതിസമ്പന്നരോടും ശതകോടീശ്വരന്മാരോടും സമാനമായ നിയന്ത്രണങ്ങളും ത്യാഗങ്ങളും ആവശ്യപ്പെടാത്തതെന്താണെന്നും കെജ്‌രിവാൾ ചോദ്യം ചെയ്തു.

മറുപടി രേഖപ്പെടുത്തുക