ഡികെയ്ക്ക് കാത്തിരിപ്പ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാൻഡ്

കര്‍ണാടക മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്ക് അറുതി വരുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പുറത്തുവിട്ടു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ക്ക് കുറച്ച് കൂടി കാത്തിരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയിലെത്തിയിരുന്ന എംഎല്‍എമാരോട് ഉടന്‍ കര്‍ണാടകയിലേക്ക് മടങ്ങാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. അനാവശ്യ രാഷ്ട്രീയ കലഹങ്ങള്‍ സൃഷ്ടിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. ശിവകുമാറിനെ പിന്തുണക്കുന്ന എംഎല്‍എമാരാണ് ഡല്‍ഹിയിലെത്തിയത്, എന്നാല്‍ എണ്‍പതിലധികം അംഗങ്ങള്‍ സിദ്ധരാമയ്യയോടൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തര്‍ക്കങ്ങള്‍ക്കിടയിലും, സിദ്ധരാമയ്യ പദവിയില്‍ തുടരട്ടെയെന്ന് ഡി.കെ. ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗ്രൂപ്പിങ് രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലെത്തിയപ്പോള്‍ രണ്ടരവത്സരത്തേക്ക് സിദ്ധരാമയ്യയും തുടര്‍ന്നുള്ള രണ്ടരവര്‍ഷം ശിവകുമാറും മുഖ്യമന്ത്രി ആയിരിക്കുമെന്ന് ധാരണയായിരുന്നുവെന്നാണ് ശിവകുമാര്‍ അനുകൂല എംഎല്‍എമാരുടെ വാദം.

നവംബര്‍ 20-ന് സിദ്ധരാമയ്യ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദവിയില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ വിഷയത്തിന് താൽക്കാലിക പരിഹാരം ആയിരിക്കുകയാണ് .

മറുപടി രേഖപ്പെടുത്തുക