2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ വീണ്ടും നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള പ്രത്യേക ഇളവ് നൽകും. തിരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക; മറ്റ് നേതാക്കളെ പരിഗണിക്കുന്നില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ ശക്തമായിരുന്നെങ്കിലും, അത്തരം അഭ്യൂഹങ്ങൾക്കൊക്കെയും ഇതോടെ വിരാമമാകുന്നു. സിപിഐഎമ്മിൽ നിലവിലുണ്ടായിരുന്ന രണ്ട് ടേം നിബന്ധന ഇത്തവണ കർശനമായി നടപ്പാക്കില്ലെന്നാണ് സൂചന. ഇനി എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ അത് പിണറായി വിജയന്റെ വ്യക്തിപരമായ തീരുമാനത്തെ ആശ്രയിച്ചായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന നേതൃയോഗത്തിൽ പാർട്ടി നേതാക്കളുടെ പെരുമാറ്റത്തെക്കുറിച്ച് ആത്മപരിശോധനയും നടന്നു. നേതാക്കളുടെ പെരുമാറ്റം കൂടുതൽ മാന്യവും ജനബന്ധമുള്ളതുമായിരിക്കണമെന്ന നിർദേശം യോഗം മുന്നോട്ടുവച്ചു. സമൂഹത്തിൽ ഉയരുന്ന വിമർശനങ്ങൾ യോഗം ഗൗരവത്തോടെ പരിഗണിച്ചതായാണ് വിലയിരുത്തൽ.
പ്രാദേശിക നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ മേൽ കമ്മിറ്റികളുടെ ഇടപെടൽ കുറവാണെന്ന വിമർശനവും ഉയർന്നു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്നും നേതൃയോഗം വിലയിരുത്തി.
