കേരളത്തോട് കേന്ദ്രം ആർഎസ്എസ്–ബിജെപി താൽപ്പര്യങ്ങൾക്കനുസരിച്ച് പെരുമാറുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര സർക്കാർ ഫെഡറൽ ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നതിന് പകരം ആർഎസ്എസ്–ബിജെപി താൽപ്പര്യങ്ങൾക്കനുസരിച്ചാണ് കേരളത്തോട് പെരുമാറുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേരളത്തിനെതിരായ കേന്ദ്ര നടപടികൾക്കെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ശ്വാസംമുട്ടിച്ച് തകർക്കാനും സംസ്ഥാന ട്രഷറി പൂട്ടിക്കാനുമുള്ള അപ്രഖ്യാപിത നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.

ഇത്തരം കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മാറ്റിവെക്കാതെ ജനങ്ങളെ ചേർത്തുനിർത്തി മുന്നോട്ട് പോകാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. ചരിത്രത്തിലാദ്യമായി എൽഡിഎഫ് രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ, എല്ലാ വികസന പ്രവർത്തനങ്ങളെയും രാഷ്ട്രീയമായി എതിർക്കാനാണ് പ്രതിപക്ഷം മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക