കേന്ദ്രത്തിന് കേരളത്തിനോടുള്ളത് പകയും വിദ്വേഷവും മാത്രം: മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുടവൻമുകൾ–സത്യൻ നഗർ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്.

കേരളത്തിലെ മതനിരപേക്ഷ സമൂഹം ആർഎസ്എസിനെയും ബിജെപിയെയും സ്വീകരിക്കാൻ തയ്യാറാകാത്തതിന്റെ പകയാണ് കേന്ദ്രം ഭരിക്കുന്നവർ കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ നിലപാടുകളും വികസനവും കേന്ദ്രത്തിന് അരോചകമാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്തോടുള്ള അവഗണന തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന പകയും അവഗണനയും മറികടന്ന് സംസ്ഥാനം മുന്നോട്ടുപോകുമെന്ന് പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിന് കേരളത്തോട് വിദ്വേഷമാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ തുറന്ന് സംസാരിക്കാൻ കേരളത്തിലെ പാർലമെന്റ് അംഗങ്ങൾ തയ്യാറാകുന്നില്ലെന്നും, സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് യുഡിഎഫും കോൺഗ്രസും നിരന്തരം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക സഹായം പോലും കേന്ദ്രം നൽകുന്നില്ലെങ്കിലും അതൊന്നും ബാധിക്കാതെയാണ് സർക്കാർ നാടിനെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുടവൻമുകൾ–സത്യൻ നഗർ പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന നടൻ സത്യന്റെയും നടൻ മോഹൻലാലിന്റെയും നാടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ പാലം പ്രദേശത്തിന്റെ വികസനത്തിന് വലിയ സഹായമാകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക