സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദനെ തളിപ്പറമ്പില്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് നീക്കം. ഇതുസംബന്ധിച്ച് ടി കെ ഗോവിന്ദനുമായി യുഡിഎഫ് നേതൃത്വം ധാരണയിലെത്തിയതായി സൂചനയുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇതിനായി ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. തളിപ്പറമ്പിലെ യുഡിഎഫിന്റെ അന്തിമ നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.
യുഡിഎഫ് പിന്തുണ നല്‍കിയാല്‍ അത് സ്വീകരിക്കുമെന്നും, എന്നാല്‍ വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും ടി കെ ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടി തീരുമാനത്തോട് എതിര്‍പ്പുയര്‍ത്തിയത്.
തളിപ്പറമ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പങ്കാളിയായ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരായ അതൃപ്തിയാണ് ടി കെ ഗോവിന്ദനെ പരസ്യ വിമര്‍ശനത്തിലേക്ക് നയിച്ചത്. പാര്‍ട്ടിയില്‍ ഇതുവരെ കാണാത്ത പ്രവണതകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, അതിനെ ശക്തമായി എതിര്‍ത്തും വിമര്‍ശിച്ചും വന്നെങ്കിലും മാറ്റം വരുത്താന്‍ ആരും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യത്തില്‍ എല്ലാറ്റിനും വഴങ്ങി തുടരുകയോ അല്ലെങ്കില്‍ പാര്‍ട്ടി വിടുകയോ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. ഈ അനീതിക്കെതിരെ നിലകൊള്ളാത്ത പക്ഷം തളിപ്പറമ്പിലെ പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
