മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോബിൻ സിംഗ് മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുമായുള്ള തന്റെ ദീർഘകാല ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2010ൽ ആരംഭിച്ച യാത്രയ്ക്കാണ് ഇതോടെ തിരശ്ശീല വീണത്.
ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ നിന്നുമാത്രമല്ല, ഐഎൽടി20 ഫ്രാഞ്ചൈസിയായ എംഐ എമിറേറ്റ്‌സുമായും താൻ വേർപിരിയുകയാണെന്ന് റോബിൻ സിംഗ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 2022 മുതൽ മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമല്ലായിരുന്നെങ്കിലും, എമിറേറ്റ്‌സ് ലീഗിലെ ടീമിനൊപ്പമുള്ള തന്റെ ചുമതലയും ഈ വർഷത്തോടെ അവസാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഞാൻ മുംബൈ ഇന്ത്യൻസുമായി ഔദ്യോഗികമായി വേർപിരിഞ്ഞ വിവരം പങ്കുവെക്കുകയാണ്. 2022 മുതൽ ഐപിഎൽ സ്റ്റാഫിന്റെ ഭാഗമല്ലെങ്കിലും, ഈ വർഷം മുതൽ എമിറേറ്റ്‌സ് ലീഗിലെ ടീമിനൊപ്പമുള്ള ബന്ധവും അവസാനിക്കുന്നു,” എന്നാണ് റോബിൻ എക്‌സിൽ കുറിച്ചത്.
2010 മുതൽ ആരംഭിച്ച യാത്രയിൽ ഒപ്പമുണ്ടായിരുന്ന മുഴുവൻ എംഐ കുടുംബത്തിനും ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു. “ഈ ശ്രദ്ധേയമായ യാത്രയിൽ നൽകിയ പിന്തുണയ്ക്ക് നന്ദി. വരും വർഷങ്ങളിലും ഫ്രാഞ്ചൈസിക്ക് എല്ലാ വിജയാശംസകളും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ ഇന്ത്യൻസിന്റെ അഞ്ച് ഐപിഎൽ കിരീട നേട്ടങ്ങളിലും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കാമ്പെയ്‌നുകളിലും റോബിൻ സിംഗ് നിർണായക പങ്കുവഹിച്ചു. 2023ൽ ഐഎൽടി20യുടെ ഉദ്ഘാടന സീസണിൽ എംഐ എമിറേറ്റ്‌സിന്റെ ജനറൽ മാനേജരായും പിന്നീട് 2024ൽ ടീമിന്റെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
136 ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച റോബിൻ സിംഗ് 2336 റൺസും 69 വിക്കറ്റുകളും നേടിയിട്ടുണ്ട്. വിരമിച്ച ശേഷം പരിശീലകനായി മാറിയ അദ്ദേഹം ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗ് ടീമുകളുമായി പ്രവർത്തിച്ചുവരികയായിരുന്നു.
