ഐപിഎൽ ലേലത്തിൽ ഫ്രാഞ്ചൈസികൾ കളിക്കാർക്കായി കോടിക്കണക്കിന് രൂപ ഒഴുക്കുന്നതിനിടയിലും, വലിയ വിലയ്ക്ക് വാങ്ങുന്ന പല താരങ്ങളും മൈതാനത്ത് ഫ്ലോപ്പാകുന്ന പശ്ചാത്തലത്തിൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടിങ് നയത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. യാഥാർത്ഥ്യബോധമില്ലാതെ വെറും ‘ഡമ്മി’ കളിക്കാരെ വൻ തുകയ്ക്ക് വാങ്ങിക്കൂട്ടുന്ന പ്രവണതയ്ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
സ്പോർട്സ്സ്റ്റാറിനായി എഴുതിയ കോളത്തിലാണ് ഫ്രാഞ്ചൈസികൾ കോടിക്കണക്കിന് രൂപ അനാവശ്യമായി പാഴാക്കുന്നതിനെതിരെ ഗവാസ്കർ തന്റെ അതൃപ്തി പരസ്യമാക്കിയത്. രാജ്യത്ത് നിലവിൽ സംസ്ഥാന, നഗര തലങ്ങളിൽ നിരവധി പ്രാദേശിക ട്വന്റി-20 ലീഗുകൾ ഉയർന്നുവരുന്നുണ്ട്. ഈ ലീഗുകളിൽ ചില ബാറ്റ്സ്മാൻമാർ വമ്പൻ സിക്സറുകൾ അടിച്ച് ശ്രദ്ധ നേടാറുണ്ടെന്നും, എന്നാൽ പുതിയ പ്രതിഭകളെ അന്വേഷിക്കുന്ന സ്കൗട്ടുകൾ കളിക്കാരുടെ ഏജന്റുമാരുടെ വാക്ക് കേട്ടാണ് പലപ്പോഴും തീരുമാനമെടുക്കുന്നതെന്നും ഗവാസ്കർ കുറ്റപ്പെടുത്തി.
“ഐപിഎൽ ലേലത്തിൽ വെറും അന്ധമായ വിശ്വാസത്തിന്റെ പുറത്താണ് കളിക്കാരെ വാങ്ങുന്നത്. ലേലത്തിന് മുൻപ് കളിക്കാർക്ക് യഥാർത്ഥ കഴിവുണ്ടോ എന്ന് ഈ വിദഗ്ധർ ശരിയായി പരിശോധിക്കുന്നില്ല. പ്രാദേശിക ലീഗുകളിലെ ബൗളിംഗ്, ബാറ്റിംഗ് നിലവാരം വളരെ കുറവാണ്. അവിടെ തിളങ്ങുന്നവർക്ക് ഐപിഎല്ലിൽ അന്താരാഷ്ട്ര നിലവാരമുള്ള വേഗതയേറിയ ബൗളിംഗും ലോകോത്തര സ്പിന്നും നേരിടേണ്ടി വരുന്നു. ഇത് കൈകാര്യം ചെയ്യാൻ കഴിയാതെ പലരും പതറുകയാണ്.”- അദ്ദേഹം പറഞ്ഞു.
ഒരു കളിക്കാരൻ അമിതമായി വിലയിരുത്തപ്പെട്ടതാണോ എന്ന് ഐപിഎൽ വേദി വളരെ വേഗത്തിൽ തെളിയിക്കുമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് കോടികൾ നൽകി വാങ്ങിയ പല കളിക്കാരെയും ഒന്നോ രണ്ടോ മത്സരങ്ങൾക്ക് ശേഷം ഫ്രാഞ്ചൈസികൾ ബെഞ്ചിലിരുത്തുന്നത്.
ഏതെങ്കിലും കളിക്കാരന്റെ പേര് നേരിട്ട് പരാമർശിക്കാതെ കൗതുകകരമായ ചില കാര്യങ്ങളും ഗവാസ്കർ പങ്കുവെച്ചു. ചില കളിക്കാർ ടൂർണമെന്റിലുടനീളം ഒരൊറ്റ മത്സരത്തിൽ മാത്രമായിരിക്കും മികവ് പുലർത്തുന്നത്. അത് പലപ്പോഴും ടീമിന്റെ വിജയത്തിന് വലിയ ഉപകാരമില്ലാത്ത സമയത്തുമായിരിക്കും.
എന്നിരുന്നാലും, ആ ഒരൊറ്റ പ്രകടനത്തിന്റെ ഹൈലൈറ്റ്സ് കാണിച്ച് അടുത്ത വർഷത്തെ ലേലത്തിൽ അവർ വീണ്ടും വലിയ വിലയ്ക്ക് വിൽക്കപ്പെടുന്നു. ഇത്തരത്തിൽ ഒരൊറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് മാത്രം ഐപിഎല്ലിൽ നിലനിൽക്കുന്ന കളിക്കാരെ ഉൾപ്പെടുത്തി നാല് ടീമുകൾ വരെ സൃഷ്ടിക്കാൻ തനിക്ക് സാധിക്കുമെന്ന് ഗവാസ്കർ വെല്ലുവിളിച്ചു.
ഐപിഎൽ എന്ന വേദി നിരവധി യഥാർത്ഥ പ്രതിഭകളെ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ഗവാസ്കർ ഓർമ്മിപ്പിച്ചു. രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, റിങ്കു സിംഗ് എന്നിവരും അടുത്തിടെ ശ്രദ്ധേയനായ വൈഭവ് സൂര്യവംശിയും ഇത്തരത്തിൽ ഉയർന്നു വന്നവരാണ്.
അതുകൊണ്ട് തന്നെ, പുതിയ പ്രതിഭകളെ കണ്ടെത്തുന്ന സ്കൗട്ടുകൾ പ്രാദേശിക ലീഗുകളിലെ താൽക്കാലിക പ്രകടനങ്ങൾ മാത്രം കണ്ട് വഞ്ചിതരാകരുതെന്നും, സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയുന്ന യഥാർത്ഥ നിലവാരമുള്ള കളിക്കാരെ കൃത്യമായി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
