ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വലിയ തന്ത്രങ്ങൾ ഒരുക്കുന്നു. മത്സരങ്ങൾക്കായുള്ള 30 അംഗ പ്രാഥമിക കളിക്കാരുടെ പട്ടിക ബിസിസിഐ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിച്ചു. യുവ സെൻസേഷൻ വൈഭവ് സൂര്യവംശി പട്ടികയിൽ ഇടംപിടിച്ചപ്പോൾ, പ്രമുഖ താരങ്ങളായ സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ പുറത്തായി .
വരുന്ന സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. എന്നാൽ ഇതേ സമയത്ത് തന്നെ ഇന്ത്യയിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന, ടി20 പരമ്പരകളും നിശ്ചയിച്ചിട്ടുണ്ട്. ഇരു പരമ്പരകളും ഒരേ സമയം വരുന്നതിനാൽ രണ്ട് വ്യത്യസ്ത ശക്തമായ ടീമുകളെ ഇറക്കാനാണ് ബിസിസിഐ തീരുമാനം.
ശുഭ്മാൻ ഗിൽ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ സാധ്യതയുള്ളതിനാലാണ് ഗില്ലിനെ ഏഷ്യൻ ഗെയിംസ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അഭാവമാണ് ഏറ്റവും ശ്രദ്ധേയം. ഭാവി മുൻനിർത്തി 2028 ഒളിമ്പിക്സും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ടാണ് സെലക്ടർമാർ യുവതാരങ്ങൾക്ക് മുൻഗണന നൽകുന്നത്. സൂര്യകുമാർ ഇനി ബിസിസിഐയുടെ ഭാവി പദ്ധതികളിൽ ഉണ്ടാകില്ലെന്ന സൂചനയും റിപ്പോർട്ടുകൾ നൽകുന്നു. ശ്രേയസ് അയ്യർ, സഞ്ജു സാംസൺ അല്ലെങ്കിൽ തിലക് വർമ്മ എന്നിവരിൽ ഒരാൾ ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ നയിച്ചേക്കും.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പേര് പ്രാഥമിക പട്ടികയിലുണ്ടെങ്കിലും അദ്ദേഹം വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കായിരിക്കും മുൻഗണന നൽകുക. പരിക്കിൽ നിന്ന് മുക്തനാകുന്ന ഹർഷിത് റാണയ്ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവരും പേസ് നിരയിലുണ്ട്. സ്പിൻ നിരയിൽ കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷ് ദുബെ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സ്വർണ്ണത്തിലേക്ക് നയിച്ച റുതുരാജ് ഗെയ്ക്വാദും പട്ടികയിലുണ്ട്.
30 അംഗ സാധ്യതാ പട്ടിക :
യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, തിലക് വർമ്മ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അനുകുൽ റോയ്, ആയുഷ് ബഡോണി, ഹർഷ് ദുബെ, ധ്രുവ് ജുറെൽ, ഖലീൽ അഹമ്മദ്, റുതുരാജ് ഗെയ്‌ക്‌വാദ്, രവി ബിഷ്‌നോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹർഷിത് റാണ, യാഷ് താക്കൂർ, വാഷിംഗ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ.
