രാജ്യത്തെ ടെക് മേഖലയെ ശക്തിപ്പെടുത്തുന്ന വലിയ നീക്കവുമായി ആഗോള സാങ്കേതിക ഭീമനായ ഗൂഗിൾ ഇന്ത്യയിൽ വീണ്ടും വൻ നിക്ഷേപത്തിനൊരുങ്ങുന്നു. ക്ലൗഡ്, സ്റ്റാർട്ടപ്പ് മേഖലകൾക്കൊപ്പം ഇനി നിർമ്മിത ബുദ്ധി (AI)യും ഹാർഡ്വെയർ നിർമ്മാണവും കൂടി കമ്പനിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാകുമെന്നാണ് പുതിയ വിവരം. ഗൂഗിൾ എക്സിക്യൂട്ടീവുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
എഐ അടിസ്ഥാന സൗകര്യങ്ങൾ, സെർവറുകൾ, ഡ്രോണുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള സാധ്യതകൾ ഗൂഗിൾ പരിശോധിക്കുന്നുവെന്നും അദ്ദേഹം ‘എക്സ്’ വഴി അറിയിച്ചു.
ഇതുവരെ ഗൂഗിളിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങൾ പ്രധാനമായും സോഫ്റ്റ്വെയർ, ക്ലൗഡ് സേവനങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും, ഇനി പ്രാദേശിക ഹാർഡ്വെയർ നിർമ്മാണത്തിലേക്കുള്ള കടന്നുവരവ് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ശക്തിയാകുമെന്നാണ് വിലയിരുത്തൽ.
ഇതിന് മുമ്പ് തന്നെ വിശാഖപട്ടണത്തിൽ ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ് സ്ഥാപിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. 2026 മുതൽ 2030 വരെ ഏകദേശം 15 ബില്യൺ ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ) നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോൾ പുറത്തുവരുന്ന പുതിയ സൂചനകൾ പ്രകാരം, എഐ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം നിർമ്മാണ മേഖലയിലേക്കും ഗൂഗിൾ സജീവമായി കടക്കുന്നത് ഇന്ത്യയിലെ ടെക് വ്യവസായത്തിന് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
