മെമ്മറി ചിപ്പ് ക്ഷാമത്തിന്റെ ആഘാതം; മാക്ബുക്കിനും ഐപാഡിനും വൻ വിലക്കയറ്റം പ്രഖ്യാപിച്ച് ആപ്പിൾ

ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് ആപ്പിൾ. മാക്ബുക്ക്, ഐപാഡ് മോഡലുകൾക്ക് 20 ശതമാനം മുതൽ 42 ശതമാനം വരെയുള്ള വിലവർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത് ഐപാഡ് എയർ മോഡലുകളിലാണ്. 13 ഇഞ്ച് ഐപാഡ് എയറിന്റെ അടിസ്ഥാന മോഡലിന്റെ വില 84,900 രൂപയിൽ നിന്ന് 1,19,900 രൂപയായി ഉയർന്നു. ഇതോടെ ഏകദേശം 41.22 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, എം5 സീരീസ് ചിപ്പിൽ പ്രവർത്തിക്കുന്ന 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ വിലയും ഗണ്യമായി വർധിച്ചു. എം5 പ്രോ ചിപ്പുള്ള മോഡലിന്റെ വില 2,49,900 രൂപയിൽ നിന്ന് 2,99,900 രൂപയായി ഉയർന്നതോടെ ഏകദേശം 20 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വില വർധനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ, ഇതുവരെ ഉയരുന്ന നിർമ്മാണച്ചെലവുകളുടെ ആഘാതത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആപ്പിൾ വ്യക്തമാക്കി. എന്നാൽ അസംസ്കൃത വസ്തുക്കളുടെയും മെമ്മറി ഘടകങ്ങളുടെയും വിലയിൽ ഉണ്ടായ തുടർച്ചയായ വർധനവ് കാരണം ചില ഉൽപ്പന്നങ്ങളുടെ വില ഉയർത്തേണ്ട സാഹചര്യം ഉണ്ടായതായി കമ്പനി അറിയിച്ചു.

ഇലക്ട്രോണിക് ഉപകരണ വിപണിയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാപകമായ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ചില ഉൽപ്പന്നങ്ങൾക്ക് 40 ശതമാനത്തിലധികം വരെ വില വർധിച്ചിട്ടുണ്ട്. മെമ്മറി കാർഡുകളും ചിപ്പുകളും നിർമ്മിക്കുന്ന കമ്പനികൾ അവരുടെ ഉൽപ്പാദനത്തിന്റെ വലിയൊരു പങ്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾക്കായി മാറ്റിവെക്കുന്നതാണ് നിലവിലെ ക്ഷാമത്തിനും വിലക്കയറ്റത്തിനും പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

എഐ സാങ്കേതികവിദ്യയുടെ വൻ വളർച്ചയെത്തുടർന്ന് ഉയർന്ന ശേഷിയുള്ള മെമ്മറി ചിപ്പുകൾക്ക് ആഗോളതലത്തിൽ ആവശ്യകത കുത്തനെ വർധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിലയിലും ഇപ്പോൾ പ്രകടമാകുന്നതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക