അമേരിക്കയെ പിന്തള്ളി പത്ത് വര്‍ഷത്തിനകം എഐയില്‍ ഇന്ത്യ മുന്നേറും: ശ്രീധര്‍ വെമ്പു

അമേരിക്കയെക്കാള്‍ വേഗത്തില്‍ ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) മുന്നേറുമെന്ന് ഇന്ത്യന്‍ ശതകോടീശ്വരനും സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു അഭിപ്രായപ്പെട്ടു. പത്ത് വര്‍ഷത്തിനുള്ളില്‍ എഐ സ്വീകരണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇന്ത്യ എഐ സമ്മിറ്റ് 2026-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഐ ഇന്ത്യയില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടതുപോലെ തന്നെ എഐക്കും രാജ്യത്ത് വലിയ സ്വീകാര്യത ലഭിക്കുമെന്ന് വെമ്പു വ്യക്തമാക്കി. പത്ത് വര്‍ഷത്തിനകം അമേരിക്കയെ പിന്തള്ളുന്ന വളര്‍ച്ച ഇന്ത്യയ്ക്ക് കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

“ചെറുപ്പവും ശുഭാപ്തിവിശ്വാസവുമുള്ള സമൂഹമാണ് ഇന്ത്യക്കാരുടേത്. സംശയാലുക്കളായ ജനസംഖ്യ നമുക്കില്ല. ഇത് എഐയുടെ വളര്‍ച്ചയെ വേഗത്തിലാക്കും. എഐയെ സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് തുറന്ന മനസ്സാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐ രംഗത്ത് രാജ്യം മുന്നിലെത്തണമെങ്കില്‍ യുവ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷണങ്ങള്‍ നടത്തണമെന്നും വെല്ലുവിളികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും വെമ്പു നിര്‍ദ്ദേശിച്ചു.

ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കുന്ന ഇന്ത്യ എഐ സമ്മിറ്റ് 2026 ഉച്ചകോടിയില്‍ 45-ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സാങ്കേതിക വിദഗ്ധരുമാണ് പങ്കെടുക്കുന്നത്. എഐയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക മാറ്റങ്ങളും പരിചയപ്പെടാന്‍ എക്‌സ്‌പോയില്‍ അവസരമുണ്ട്. സമ്മിറ്റിന്റെ മൂന്നാം ദിവസമായ ഇന്ന് ഗവേഷണത്തിനും നൂതന ആശയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സുപ്രധാന സെഷനുകള്‍ നടന്നു.

മറുപടി രേഖപ്പെടുത്തുക