ഇറാനുമായി ബന്ധപ്പെട്ട സംഘർഷ സാഹചര്യത്തിനിടെ യുഎസ് നാവികസേന ഇന്ത്യയിലെ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണം ഇന്ത്യ തള്ളി. വിഷയത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് , വൺ അമേരിക്ക ന്യുസ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ അമേരിക്ക ഇന്ത്യയുടെ പിന്തുണ തേടുകയാണെന്ന് പറഞ്ഞിരുന്നു. യുഎസിന്റെ ചില സൈനിക താവളങ്ങളും തുറമുഖ സംവിധാനങ്ങളും നശിച്ച സാഹചര്യത്തിൽ ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായതായി നാവികസേനയുടെ ഭാഗത്ത് നിന്ന് സൂചനയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എന്നാൽ ഈ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചു. യുഎസ് നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന ഒഎഎൻ ചാനലിലെ അവകാശവാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്റ്റ് ചെക്ക് വിഭാഗം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ പരാമർശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇതിനിടെ ശ്രീലങ്കൻ തീരത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമണത്തിൽ തകർന്നിരുന്നു . ഐറിസ് ദേന എന്ന കപ്പൽ യുഎസ് അന്തർവാഹിനി ടോർപ്പിഡോ ആക്രമണത്തിലൂടെ മുങ്ങിയതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 87 പേർ മരിച്ചതായും പറയപ്പെടുന്നു.
ഇന്ത്യൻ നാവികസേന സംഘടിപ്പിച്ച ഇന്റർനാഷണൽ ഫ്‌ളീറ്റ് റിവ്യൂവും MILAN 2026 എന്ന ബഹുരാഷ്ട്ര സമുദ്രാഭ്യാസത്തിലും പങ്കെടുത്ത ശേഷം വിശാഖപട്ടണത് നിന്നും മടങ്ങുന്നതിനിടെയാണ് കപ്പലിന് നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
