ശശി തരൂര്‍ ഒരു കരിയറിസറ്റ് ; മോദി സര്‍ക്കാരില്‍ മന്ത്രിയാകാനാണ് ശശി തരൂര്‍ ശ്രമിക്കുന്നത്: മണിശങ്കര്‍ അയ്യര്‍

കോൺഗ്രസിനെ വീണ്ടും വിമർശിച്ച് രംഗത്തെത്തി മണിശങ്കർ അയ്യർ . പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നതിനാൽ വി.ഡി. സതീശൻ കേരളത്തിൽ മുഖ്യമന്ത്രിയാകില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. അതേസമയം, ശശി തരൂർ ഒരു “കരിയറിസ്റ്റ്” ആണെന്നും, മോദിയുടെ സർക്കാരിൽ മന്ത്രിയാകാനുള്ള ശ്രമത്തിലാണ് തരൂർ എന്നുമാണ് അയ്യർ ആരോപിച്ചത്.

യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ ഭരണരീതിയെക്കുറിച്ചും അയ്യർ അഭിപ്രായപ്പെട്ടു. രാജീവിയൻ മാർഗമാണ് കേരളം പിന്തുടരുന്നതെന്നും, ആ ദർശനം യാഥാർത്ഥ്യമാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ രാജീവിയൻ സർക്കാരായി കേരളത്തെ വിശേഷിപ്പിക്കുകയും ചെയ്തു.

പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോട് കേരള സർക്കാർ ശക്തമായ പ്രതിബദ്ധത പുലർത്തുന്നുവെന്നും പഞ്ചായത്തുകളെ സംസ്ഥാന സർക്കാരിന്റെ ഉപകരണങ്ങളായി കാണാതെ സ്വതന്ത്ര ഭരണകൂടങ്ങളായി കാണുന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അയ്യർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അയ്യർ വിമർശിച്ചു. “ഗുജറാത്ത് മോഡൽ” പ്രചരിപ്പിക്കുന്ന മോദി, ഗുജറാത്തിലെ നരഹത്യയ്ക്ക് സാക്ഷിയായ വ്യക്തിയാണെന്നും, അതേസമയം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കുന്നതിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക