ജീവനോടെ, പൂർണ ആരോഗ്യവാൻ: ഇമ്രാൻ ഖാനെക്കുറിച്ച് പുതിയ വിവരങ്ങൾ

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ പൂർണമായും ആരോഗ്യവാനാണെന്ന് സഹോദരി ഡോ. ഉസ്മ ഖാൻ അറിയിച്ചു. ഇന്ന് ജയിലിൽ സഹോദരനെ സന്ദർശിച്ച ശേഷമാണ് അവർ അടുത്ത വൃത്തങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഖാന്റെ മനോവീര്യം ഉയർന്ന നിലയിലാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജയിൽ ഭരണകൂടവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇമ്രാൻ ഖാൻ അസ്വസ്ഥത പ്രകടിപ്പിച്ചതായും, സഹോദരിയുമായുള്ള കൂടിക്കാഴ്ചയിൽ അതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞതായും വിവരമുണ്ട് . പിടിഐ പ്രവർത്തകരോടൊപ്പം എത്തിയ ഉസ്മ ഖാനെ ഒടുവിൽ ജയിൽ സന്ദർശനത്തിന് അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും, ഖാൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കാമെന്നും അവർ പറഞ്ഞു

. ഇമ്രാൻ ഖാന്റെ നിലപാടിനെയും അദ്ദേഹത്തിന്റെ സുരക്ഷയെയും കുറിച്ച് വ്യക്തത ആവശ്യപ്പെട്ട് പിടിഐ പ്രവർത്തകർ തുടരുന്ന പ്രതിഷേധത്തിനിടെയായിരുന്നു ഈ സന്ദർശനം. 2023 ഓഗസ്റ്റിൽ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഇമ്രാൻ ഖാൻ ജയിലിൽ കഴിയുകയാണ്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടുംബാംഗങ്ങൾക്കുപോലും അദ്ദേഹത്തെ കാണാനാവാത്ത അവസ്ഥയാണ് നിലനിന്നത്. ഇതോടെ, ഇമ്രാൻ ഖാൻ ജീവനോടെ ഉണ്ടോ എന്ന സംശയമുള്ള അഭ്യൂഹങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഇമ്രാൻ ഖാൻ പൂർണ ആരോഗ്യവാനാണെന്ന് ജയിൽ അധികൃതർ വീണ്ടും ഉറപ്പു നൽകി. നേരത്തെ, ഇമ്രാൻ ഖാന്റെ മകൻ കാസിം ഖാൻ എക്‌സ് പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ജീവൻ സംബന്ധിച്ച തെളിവ് സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഹോദരന്മാർക്കും സഹോദരിമാർക്കും കൂടിക്കാഴ്ച അനുവദിക്കാതിരുന്നാൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പിടിഐ മുന്നറിയിപ്പും നൽകിയിരുന്നു.

മറുപടി രേഖപ്പെടുത്തുക