തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൽഡിഎഫിനെ ‘മുങ്ങുന്ന കപ്പൽ’ എന്ന നിലയിൽ ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും, എന്നാൽ കണക്കുകൾ പരിശോധിച്ചാൽ അത്തരമൊരു അവസ്ഥയില്ലെന്ന് വ്യക്തമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പിൽ വോട്ടുകൾ കുറഞ്ഞുവെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും, അവിടെ എതിരില്ലാതെ വിജയിച്ച വാർഡുകളെ കുറിച്ച് ആരും പരാമർശിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതുപക്ഷത്തിന് 1,75,000 വോട്ടുകൾ ലഭിച്ചുവെന്നും, ഇത് ബിജെപിക്കും യുഡിഎഫിനും ലഭിച്ചതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. പല സ്ഥലങ്ങളിലും ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് എൽഡിഎഫ് പരാജയപ്പെട്ടതെന്നും, ഇത് വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയതായും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ക്ഷേത്രനഗരം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കം പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അതേസമയം, കണക്കുകൾ വിലയിരുത്തിയാൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്കാണ് യഥാർത്ഥ തിരിച്ചടി നേരിട്ടതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കുന്ന നിലപാട് ഇടതുപക്ഷം ഒരിക്കലും സ്വീകരിക്കില്ലെന്നും, എസ്ഡിപിഐ ഉൾപ്പെടെയുള്ള ലീഗുമായോ കോൺഗ്രസുമായോ യാതൊരു തരത്തിലുള്ള സഖ്യത്തിനും ഇടതുപക്ഷം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയമാണ് നിർണായകമായിരുന്നെങ്കിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നേടാനായേനെ എന്നും, ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയതയും വിശ്വാസവും രണ്ടായി കാണേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
