കർണാടകയിലെ ഭൂമിയൊഴിപ്പിക്കൽ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അമിതമായി ഇടപെടുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഭൂമിയൊഴിപ്പിക്കൽ വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലാണ് വിമർശനങ്ങൾക്ക് കാരണം.
ബെംഗളൂരുവിന് സമീപമുള്ള കൊഗിലു ഗ്രാമത്തിലെ ഇടിച്ചുനിരത്തൽ നടപടികളെക്കുറിച്ച് വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റോടെയാണ് വിവാദം തുടങ്ങിയത്. സംസ്ഥാനത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ഹൈക്കമാൻഡിന്റെ ആശങ്ക സംസ്ഥാന നേതാക്കൾക്ക് അറിയിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇതിന് പിന്നാലെ ബിജെപി കടുത്ത പ്രതികരണവുമായി മുന്നോട്ടുവന്നു.
കർണാടകയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉണ്ടെങ്കിൽ ഭരണനടപടികളുടെ ഉത്തരവാദിത്തം അവർക്കുതന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു. സംസ്ഥാന ഭരണകാര്യങ്ങളിൽ ഇടപെടാൻ കെ.സി. വേണുഗോപാൽ ആരാണെന്ന് ചോദിച്ച അശോക, അദ്ദേഹം ‘സൂപ്പർ മുഖ്യമന്ത്രി’ ആകാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശങ്ങൾ അനുസരിച്ചായിരിക്കണമോ ഒരു സംസ്ഥാന സർക്കാരിന്റെ പ്രവർത്തനമെന്ന് ചോദിച്ച അദ്ദേഹം, ഇത് ഫെഡറലിസത്തെ അവഹേളിക്കുന്നതും കർണാടകയുടെ ഭരണാവകാശത്തെ വെല്ലുവിളിക്കുന്നതുമാണെന്നും പറഞ്ഞു. കർണാടക ഡൽഹിയിലെ പാർട്ടി മാനേജർമാരെ സന്തോഷിപ്പിക്കാൻ സംസ്ഥാന ആത്മാഭിമാനം ബലിയർപ്പിക്കില്ലെന്നും അശോക കൂട്ടിച്ചേർത്തു.
