ബിജെപിയും കോൺഗ്രസും തമ്മിലുള്ള പാലം പണിയുന്നത് കെ മുരളീധരന്റെ കുടുംബം

മന്ത്രി വി. ശിവൻകുട്ടി കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വി.കെ. പ്രശാന്തിന്റെ ഓഫീസ് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാടിലാണ് നിൽക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് ചവിട്ടുപടിയായി പ്രവർത്തിക്കുന്നത് കെ. മുരളീധരന്റെ കുടുംബമാണെന്നും, പിണറായി വിജയന്റെ കുടുംബത്തിൽ നിന്ന് ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസും ബിജെപിയും തമ്മിൽ പാലം പണിയുന്നത് മുരളീധരന്റെ കുടുംബമാണെന്ന കാര്യം അദ്ദേഹം തിരിച്ചറിയണമെന്നും ശിവൻകുട്ടി പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ ജനവിധിയെ സിപിഐഎം മാനിക്കുന്നുവെന്നും, ബിജെപിയുടെ ഭരണത്തെ തടസപ്പെടുത്താൻ ശ്രമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൗൺസിൽ യോഗം സമാധാനപരമായി പൂർത്തിയാക്കുമെന്നും, അതിന് യാതൊരു തടസവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടതുണ്ടെന്നും, പുതിയ ഭരണസമിതിക്ക് അതിനുള്ള പൂർണ അവകാശമുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഇപ്പോൾ കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ബാബരി മസ്ജിദ് തകർത്ത സമയത്ത് 17 ഭാഷകൾ അറിയാമായിരുന്ന നരസിംഹറാവു മൗനം പാലിച്ചത് ആരെ സംരക്ഷിക്കാനായിരുന്നുവെന്ന് ചോദിച്ച ശിവൻകുട്ടി, ആ മൗനം ഇന്നും കോൺഗ്രസ് തുടരുകയാണെന്നും പറഞ്ഞു. കോൺഗ്രസ്–ബിജെപി സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണ് മറ്റത്തൂരിൽ നടന്നതെന്നും, സിപിഐഎമ്മിനെ തോൽപ്പിക്കാൻ ആരുമായും കൂട്ടുകൂടാൻ കോൺഗ്രസിന് മടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

“ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി” എന്നതാണ് അവരുടെ യഥാർത്ഥ മുദ്രാവാക്യമെന്നും മന്ത്രി പരിഹസിച്ചു..

മറുപടി രേഖപ്പെടുത്തുക