മറ്റൊരു മുന്നണിക്കകത്ത് തുടരുന്ന കക്ഷിയെ പിടിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോൺഗ്രസ് (എം)യെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജോസ് കെ. മാണി വ്യക്തമാക്കുന്നത് കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയുടെ ഭാഗമാണെന്നാണെന്നും, മുന്നണി മാറ്റത്തിന് താൽപര്യം പ്രകടിപ്പിക്കാത്തിടത്തോളം ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിക്കകത്ത് നിൽക്കുന്ന കക്ഷിയെ പിടിച്ചുകൊണ്ടുവരാൻ യുഡിഎഫ് ശ്രമിക്കേണ്ടതില്ല. അല്ലെങ്കിൽ അവരാണ് മുന്നണി മാറ്റത്തെക്കുറിച്ച് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന തിരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുമെന്നതിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഐഎമ്മിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ ഐഷാ പോറ്റിയുടെ പരാമർശങ്ങൾ പ്രസക്തമാണെന്നും, അവർ ചേർന്നിരുന്ന കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഇല്ലെന്നും അത് പാർട്ടിയുടെ അപചയം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എംഎൽഎ ആയിരുന്ന കാലത്ത് വളരെ മാന്യമായി ഇടപെട്ടിരുന്ന വ്യക്തിയാണ് ഐഷാ പോറ്റിയെന്നും, അവർ കോൺഗ്രസിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇനിയും കൂടുതൽ പേർ എത്തുമെന്നും, യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ മറ്റ് പാർട്ടികളെ ചാക്കിട്ട് പിടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
