എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ട്വൻ്റി–20 എൻഡിഎയുടെ ഭാഗമായതെന്ന് പാർട്ടി ചെയർമാൻ സാബു എം. ജേക്കബ് പറഞ്ഞു. ട്വൻ്റി–20 എൻഡിഎയിൽ ചേർന്നതോടെ ഒരു പ്രാദേശിക പാർട്ടി ദേശീയ തലത്തിലേക്ക് ഉയരുകയാണെന്നും, കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായിട്ടാണ് ഈ സഖ്യത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വൻ്റി–20യുടെ എൻഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
പാർട്ടിയിൽ നിന്ന് നിരവധി പേർ വിട്ടുപോയെന്ന തരത്തിൽ നടക്കുന്ന പ്രചാരണം സ്വാഭാവികമാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ഒരു പാർട്ടിയിൽ പരിണാമം നടക്കുമ്പോൾ അസംതൃപ്തരാകുന്നവർ ഉണ്ടാകുമെന്നും, പാർട്ടി വിട്ടുപോയവരെ കുറ്റപ്പെടുത്തുന്നില്ലെന്നും, ഇനിയും ചിലർ വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ തീരുമാനം ലയനമല്ല, സഖ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി മൂന്നാം തവണയും ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരുമായാണ് ട്വൻ്റി–20 സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ട്വൻ്റി–20 ബിജെപിയിൽ ലയിച്ചിട്ടില്ല, എൻഡിഎയുടെ ഘടകകക്ഷിയായതേയുള്ളുവെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. പാർട്ടിയുടെ ജില്ലാ, സംസ്ഥാന കമ്മിറ്റികളിൽ വിഷയം വിശദമായി ചർച്ച ചെയ്തതിനു ശേഷം ഏകദേശം എൺപത് ശതമാനം പേരും എൻഡിഎയിൽ ചേരണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഗുജറാത്തോ ആന്ധ്രപ്രദേശോ പോലുള്ള വികസന മാതൃകയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾക്ക് കേന്ദ്രസഹായത്തോടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും, കേരളത്തിന്റെ നന്മയ്ക്കായുള്ള കൂട്ടുകെട്ടാണ് ട്വൻ്റി–20യുടെ എൻഡിഎ പ്രവേശനമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വൻ്റി–20 നടപ്പിലാക്കി വിജയിച്ച വികസന മാതൃക കേരളം മുഴുവൻ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും, പ്രധാനമന്ത്രി തങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും ഉറപ്പും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പാതിരിമാർ ഉൾപ്പെടെ ആക്രമിക്കപ്പെടുന്നുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിച്ച സാബു എം. ജേക്കബ്, മനുഷ്യർ ഉള്ളിടത്ത് പ്രശ്നങ്ങൾ ഉണ്ടാകാമെന്നായിരുന്നു മറുപടി. എന്നാൽ കേരളത്തിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലല്ലോയെന്നു തിരിച്ചുചോദിച്ചും അദ്ദേഹം പ്രതികരിച്ചു
