സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടർമാരിലെത്തിക്കുന്നതിനായി സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കാൻ എൽഡിഎഫ് . മൂന്ന് ദിവസം നീളുന്ന ജാഥകളിൽ എൽഡിഎഫ് എംഎൽഎമാരുള്ള മണ്ഡലങ്ങളിൽ അതത് എംഎൽഎമാർ തന്നെ ക്യാപ്റ്റന്മാരാകും.
ധർമ്മടം മണ്ഡലത്തിലെ ജാഥയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും. എൽഡിഎഫ് എംഎൽഎമാർ ഇല്ലാത്ത മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷികളുടെ നേതൃത്വത്തിലായിരിക്കും ജാഥകൾ നടക്കുക.
ഫെബ്രുവരി 15നകം മണ്ഡലം ജാഥകൾ പൂർത്തിയാക്കുകയാണ് മുന്നണിയുടെ ലക്ഷ്യം. ഓരോ ജാഥയിലും ഘടകകക്ഷി നേതാക്കളെ വൈസ് ക്യാപ്റ്റൻ, മാനേജർ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള മേഖലാ ജാഥകളുമായി ഏകോപിപ്പിച്ചായിരിക്കും മണ്ഡലം ജാഥകളുടെ ക്രമീകരണം. വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം രാഷ്ട്രീയ മുന്നേറ്റവും ലക്ഷ്യമിട്ടാണ് ഈ പ്രചാരണം.
ഇതിനോടൊപ്പം മൂന്ന് മേഖലകളായി തിരിച്ചുള്ള സംസ്ഥാനതല വികസന മുന്നേറ്റ ജാഥകളും നടക്കും. വടക്കൻ മേഖലാ ജാഥയ്ക്ക് എം.വി. ഗോവിന്ദൻ നേതൃത്വം നൽകും. മധ്യമേഖലാ ജാഥ ജോസ് കെ. മാണിയും, തെക്കൻ മേഖലാ ജാഥ ബിനോയ് വിശ്വവും നയിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കുന്ന മേഖലാ ജാഥകൾ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ഫെബ്രുവരി പകുതിയോടെ സമാപിക്കും.
